കോവളം: തിരുവല്ലം പാപ്പൻ ചാണി സ്വദേശി അജേഷിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ റിമാൻഡിലായിരുന്ന ഏഴ് പ്രതികളിൽ അഞ്ചുപേരെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ജിനേഷ് വർഗീസ്(28), ഷഹാബുദ്ദീൻ(43), അരുൺ(29), സജൻ(33), സജിമോൻ (35) എന്നിവരാണ് പ്രതികൾ. കേസിലെ ഒന്നാം പ്രതി സജിമോന്റെ 45000 രൂപയും മൊബൈൽ ഫോണും തമ്പാനൂർ ബസ് സ്റ്റാൻഡിൽ വെച്ച് അജേഷ് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. സജിമോനെതിരെ നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ ഇയാളുടെ ഭാര്യ നൽകിയ ഒരു കേസ് നിലവിലുണ്ടെന്നും ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി സ്വദേശമായ മലപ്പുറത്തും അന്വേഷണം നടത്തുമെന്നും തിരുവല്ലം സി.ഐ സജികുമാർ പറഞ്ഞു.