കട്ടക്ക് : ഒരു ഫൈനലിന്റെ ആവേശമത്രയും കണ്ട അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ നാല് വിക്കറ്റിന് കീഴടക്കി ഇന്ത്യ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി. വിൻഡീസിനെതിരെ ഇന്ത്യ തുടർച്ചയായി നേടുന്ന പത്താമത്തെ പരമ്പരയാണിത്. ഇതോടെ തുടർച്ചയായ ഏഴാം വർഷവും ഇന്ത്യ വിജയത്തോടെ വർഷം അവസാനിപ്പിച്ചു.
ഇന്നലെ കട്ടക്കിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 315/5 എന്ന സ്കോർ ഉയർത്തിയ വിൻഡീസിനെ എട്ട് പന്തുകൾ ശേഷിക്കേ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് കരുത്തായത് നായകൻ കൊഹ്ലി 81 പന്തുകളിൽ ഒൻപത് ബൗണ്ടറിയടക്കം നേടിയ 85 റൺസും കെ.എൽ. രാഹുലിന്റെയും (77), രോഹിത് ശർമ്മയുടെയും (63) ഒാപ്പണിംഗ് കൂട്ടുകെട്ടും അവസാന ഒാവറുകളിലെ രവീന്ദ്ര ജഡേജയുടെയും (39 നോട്ടൗട്ട്) , ശാർദ്ദൂൽ താക്കൂറിന്റെയും (17 നോട്ടൗട്ട്) മനോധൈര്യവുമാണ്.
47-ാം ഒാവറിൽ വിരാട് പുറത്തായശേഷം ശാർദ്ദൂലിനെ ഒപ്പം നിറുത്തി ജഡേജ കളി ജയിപ്പിക്കുകയായിരുന്നു. മികച്ച തുടക്കത്തിന് ശേഷം ശ്രേയസ് അയ്യർ (7), ഋഷഭ്പന്ത് (7), കേദാർ യാദവ് (9) എന്നിവർ വരിവരിയായി മടങ്ങിയപ്പോഴാണ് ക്യാപ്ടന്റെ മികവുമായി കൊഹ്ലി വിജയത്തിലേക്ക് നയിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കീമോപോളും ഒാരോ വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫും ഹോൾഡറും കോട്ടെറെലും ചേർന്നാണ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയത്.
ബാരാബതി സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.മുൻനിര ബാറ്റ്സ്മാൻമാർ അധികം തിളങ്ങിയില്ലെങ്കിലും ഇന്നിംഗ്സിൽ അവസാന പാദത്തിൽ നിക്കോളാസ് പുരാനും (89), നായകൻ കെയ്റോൺ പൊള്ളാഡും (74 നോട്ടൗട്ട്) ഞൊടിയിടയിൽ റൺസുയർത്തിയതിനാലാണ് 315/5 എന്ന സ്കോർ നേടാൻ വിൻഡീസിന് കഴിഞ്ഞത്. ഒാപ്പണർ ഷായ് ഹോപ്പ് (42), റോസ്റ്റൺ ചേസ് (38), ഹെട്മേയർ (37), ഒാപ്പണർ ലെവിസ (21) എന്നിവർ മോശമല്ലാത്ത പ്രകടനം നടത്തി. ഇന്ത്യയ്ക്കുവേണ്ടി ഏകദിന അരങ്ങേറ്റം നടത്തിയ നവ്ദീപ് സെയ്നി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ശാർദ്ദൂൽ താക്കൂർ, ഷമി, രവീന്ദ്ര ജഡേജ എന്നിവർ ഒാരോ വിക്കറ്റ് വീഴ്ത്തി. കഴിഞ്ഞ കളിയിൽ ഹാട്രിക് നേടിയ കുൽദീപിന് ഇന്നലെ വിക്കറ്റ് വീഴ്ത്താനായില്ല.
പതിഞ്ഞ തുടക്കം
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് വളരെ ശ്രദ്ധിച്ചാണ് ഇന്നിംഗ്സ് തുടങ്ങിയത്. ആദ്യ രണ്ടോവറിൽ നാല് റൺസാണ് ലെവിസും ഹോപ്പും ചേർന്ന് നേടിയത്. എന്നാൽ ഷമി എറിഞ്ഞ മൂന്നാം ഒാവറിൽ രണ്ട് ബൗണ്ടറികൾ ഹോപ്പ് പായിച്ചു. ആദ്യ അഞ്ചോവറിൽ 18 റൺസ് നേടിയ വിൻഡീസ് പത്തോവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 44 റൺസിലേക്ക് എത്തി.
15-ാം ഒാവർ പൂർത്തിയാകുമ്പോഴാണ് ആദ്യ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. രവീന്ദ്ര ജഡേജയെ ഉയർത്തിയടിച്ച ലെവിസിനെ ബൗണ്ടറി ലൈനിന് അരികിൽ സെയ്നി ക്യാച്ചെടുക്കുകയായിരുന്നു. നേരിട്ട 50 പന്തുകളിൽ മൂന്ന് ബൗണ്ടറിയടക്കമുള്ള ലെവിസിന്റെ 21 റൺസ്.
തുടർന്നിറങ്ങിയ ചേസിന് തുടക്കത്തിലേ ക്യാച്ച് കളഞ്ഞ് ഋഷഭ്പന്ത് ലൈഫ് നൽകി. 20-ാം ഒാവറിൽ ഹോപ്പിനെ ഷമി ക്ളീൻ ബൗൾഡാക്കി മടക്കിയിരുന്നു. 50 പന്തുകൾ നേരിട്ട ഹോപ്പ് അഞ്ച് ബൗണ്ടറികളാണ് പായിച്ചത്. 25 ഒാവർ പൂർത്തിയായപ്പോൾ 94/2 എന്ന നിലയിലായിരുന്നു സന്ദർശകർ.
വീശിത്തുടങ്ങി വിൻഡീസ്
ഇന്നിംഗ്സിന്റെ പകുതിക്ക് ശേഷമാണ് വിൻഡീസിന് ജീവൻ വച്ചത്. ഋഷഭ് പന്തിൽനിന്ന് ലൈഫ് ലഭിച്ച ഹെട്മേയർ 26-ാം ഒാവറിൽ കുൽദീപിനെതിരെ മത്സരത്തിലെ ആദ്യ സിക്സ് പറത്തി. 33 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സും പറത്തിയ ഹെട്മേയറെ കുൽദീപിന്റെ കൈയിലെത്തിച്ച സെയ്നി അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യവിക്കറ്റ് സ്വന്തമാക്കി. എന്നാൽ ഹെട്മേയർ നിറുത്തിയേടുത്തുനിന്ന് തുടരുകയായിരുന്നു പകരമിറങ്ങിയ നിക്കോളാസ് പുരാൻ. 32-ാം ഒാവറിൽ സെയ്നി ചേസിനെ ക്ളീൻ ബൗൾഡാക്കിയപ്പോൾ പൊള്ളാഡ് പകരമെത്തുക കൂടി ചെയ്തതോടെ വിൻഡീസ് ഫുൾഫോമിലേക്ക് ഉയർന്നു. 35 ഒാവറുകൾ പൂർത്തിയാകുമ്പോൾ 16/4 എന്ന നിലയിലെത്തിയ വിൻഡീസ് 40 ഒാവറിൽ 197/4 ലെത്തി.
അവസാന പത്തോവറിൽ 118 റൺസാണ് പൊള്ളാഡുംപുരാനും ചേർന്ന് അടിച്ചുകൂട്ടിയത്. അവസാന അഞ്ചോവറുകളിൽ ഇന്ത്യ വിട്ടുകൊടുത്തത് 63 റൺസാണ്. 64 പന്തുകളിൽ 10 ഫോറും മൂന്ന് സിക്സും പറത്തിയ പുരാൻ 48-ാം ഒാവറിലാണ് താക്കൂറിന്റെ പന്തിൽ ജഡേജയ്ക്ക് ക്യാച്ച് നൽകി മടങ്ങിയത്. 279/5 എന്ന നിലയിലായിരുന്നു വിൻഡീസ് അപ്പോൾ. തുടർന്നിറങ്ങിയ മുൻ നായകൻ ജാസൺ ഹോൾഡറെ കൂട്ടുനിറുത്തി പൊള്ളാഡ് 49-ാം ഒാവറിൽ സെയ്നിയെ രണ്ട് ഫോറും ഒരു സിക്സുമടക്കം 16 റൺസിന് ശിക്ഷിച്ചു. ഇതേ ഒാവറിൽ വിൻഡീസ് നായകൻ അർദ്ധ സെഞ്ച്വറിയിലുമെത്തി. അവസാന ഒാവറിൽ ഷമിയെ രണ്ട് സിക്സുൾപ്പെടെ പറത്തി പൊള്ളാഡ് നേടിയത് 16 റൺസാണ്.
ഉശിരൻ മറുപടി
മറുപടി ബാറ്റിംഗിൽ ഇന്ത്യയും ഒട്ടും മോശമായിരുന്നില്ല. വിശാഖപട്ടണത്ത് നിറുത്തിയേടത്ത് കളി തുടങ്ങിയ രോഹിത് ശർമ്മയും കെ.എൽ. രാഹുലും ചേർന്ന് ആദ്യ 15 ഒാവറിൽ വിക്കറ്റ് നഷ്ടം കൂടാതെ ഇന്ത്യയെ 100 റൺസിലെത്തിച്ചു. നാലാം ഒാവറിൽ തന്നെ ഹോൾഡറെ സിക്സിന് പറത്തി രോഹിത് നയം വ്യക്തമാക്കിയിരുന്നു. 10 ഒാവർ പിന്നിട്ടപ്പോൾ 59/0 എന്ന നിലയിലായിരുന്നു ഇന്ത്യ. 16-ാം ഒാവറിൽ കെ.എൽ. രാഹുലാണ് ആദ്യം അർദ്ധ സെഞ്ച്വറിയിലെത്തിയത്. തൊട്ടടുത്ത ഒാവറിൽ രോഹിതും അർദ്ധ സെഞ്ച്വറി കടന്നു.
തകർച്ച തുടങ്ങുന്നു
22-ാം ഒാവറിൽ ടീം സ്കോർ 122 ൽ നിൽക്കുമ്പോഴാണ് ഒാപ്പണിംഗ് സഖ്യം പിരിഞ്ഞത്. 63 പന്തുകളിൽ എട്ട് ഫോറും ഒരു സിക്സുമടക്കം 63 റൺസടിച്ച രോഹിതിനെ ഹോൾഡർ ഹോപ്പിന്റെ കൈയിലെത്തിക്കുകയായിരുന്നു. തുടർന്നിറങ്ങിയ കൊഹ്ലി നിലയുറപ്പിച്ച് കളിച്ചെങ്കിലും 30-ാംഒാവറിൽ രാഹുലും 33-ാം ഒാവറിൽ ശ്രേയസ് അയ്യരും (7), 35-ാം ഒാവറിൽ ഋഷഭ് പന്തും (7), 39-ാം ഒാവറിൽ കേദാർയാദവും (9) പുറത്തായതോടെ ഇന്ത്യ 228/5 എന്ന നിലയിലായി. 42-ാം ഒാവറിൽ കൊഹ്ലിയും ജഡേജയും ചേർന്ന് 250 കടത്തി.
.