കുളത്തൂർ: ടെക്നോപാർക്ക് ജീവനക്കാർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചെത്തിയ സംഘം വീട് അടിച്ച് തകർത്ത ശേഷം ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. അവശനിലയിലായ ടെക്നോപാർക്ക് ജീവനക്കാരായ നാല് യുവാക്കളെ വിവരമറിഞ്ഞെത്തിയ തുമ്പ പൊലീസാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുളത്തൂർ കിവിട്ടുവിളാകം തൊടിയിൽ വീട്ടിൽ സുരേഷ്ബാബു വാടകയ്ക്ക് നൽകിയിരിക്കുന്ന വീട്ടിലാണ് അക്രമം. ഇന്നലെ വൈകിട്ട് 6ഓടെയാണ് സംഭവം. അയൽവാസികളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. വാടക വീട്ടിലേക്ക് ഇരച്ചെത്തിയ അക്രമി സംഘം വീട്ടിലെ ജനൽചില്ലുകളും വാതിലുകളും തകർത്തശേഷമാണ് യുവാക്കളെ മർദ്ദിച്ചതെന്ന് വീട്ടുടമ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുമ്പ പൊലീസ് അന്വോഷണം ആരംഭിച്ചു.