''മനസ്സിലായില്ല..."
ചന്ദ്രകല താക്കോൽ പഴുതിൽ നിന്നു കണ്ണുകൾ പിൻവലിച്ചു.
''നീ ഇവിടെ വന്നിരിക്ക്." പ്രജീഷ് തന്റെ അടുത്തേക്കു
കൈ ചൂണ്ടി.
ചന്ദ്രകല വന്ന് അയാൾക്കരുകിൽ ഇരുന്നു.
''ഇനി പറ."
''അതായത് ... " പ്രജീഷ് സ്വരം താഴ്ത്തി വിശദീകരിച്ചു. ''ഈ കോവിലകവും അനുബന്ധ വസ്തുക്കളും അടക്കം ഇപ്പോൾ ആരുടേതാ?"
''എന്റെ."
അവൾ സമ്മതിച്ചു.
''അപ്പോൾ നിലവറയിൽ നിന്ന് കിട്ടുന്ന നിധിയുടെ അവകാശി ആരാ?"
''ഞാൻ." അവൾ പെട്ടെന്നു തിരുത്തി. ''അല്ല. നമ്മൾ...."
ആ നിലയ്ക്ക് പരുന്തുമായി ഒരു പങ്കു കച്ചവടത്തിന്റെ ആവശ്യമുണ്ടോ?"
''അല്ലാതെ പിന്നെങ്ങനാ പ്രജീഷ്?"
നമുക്ക് രക്ഷപെടണ്ടേ?"
''നമ്മൾ രക്ഷപ്പെടുകയും നിധി നമ്മുടെ കയ്യിൽ ഇരിക്കുകയും ചെയ്യും."
അയാൾ ചിരിച്ചു.
''അതൊക്കെ നടക്കുന്ന കാര്യമാണോ?"
''നടക്കും. നമ്മൾ നടത്തും."
അയാൾ തന്റെ ആശയം വ്യക്തമാക്കി.
''അങ്ങനെ നടന്നാൽ നല്ലതാ." ചന്ദ്രകല സമ്മതിച്ചു. എന്നാൽ അവളിൽ അപ്പോഴും ഒരു സംശയം ബാക്കിനിന്നു.
9 മണി.
ഒരു കല്ലറ കൂടി പരുന്ത് റഷീദ് പൊളിച്ചു.
ശേഖരൻ എമർജൻസി ലാംപ് നീട്ടി നോക്കി.
അസ്ഥികൂടമില്ല.
പകരം ഇത്തിരി നീളമുള്ള ഒരു തുണിസഞ്ചിയായിരുന്നു അതിൽ.
കിടാക്കന്മാരുടെയും പരുന്തിന്റെയും പുരികം ചുളിഞ്ഞു.
''അതിങ്ങെടുക്ക് പരുന്തേ."
ശ്രീനിവാസകിടാവ് കൽപ്പിച്ചു.
പരുന്ത് കല്ലറക്കുള്ളിലേക്ക് കുനിഞ്ഞ് ഒരു സഞ്ചിയെടുത്തു.
''സാമാന്യം ഭാരമുണ്ടായിരുന്നു അതിന്.
തൊട്ടടുത്ത കല്ലറയുടെ സ്ളാബിനു പുറത്തുവച്ച് പരുന്ത് അത് തുറന്നു മൂടി വിടർത്തി.
അത്ഭുതം നിറഞ്ഞ ഒരു ശബ്ദം മൂവരിൽ നിന്നും ഉണ്ടായി.
അതിൽ ഉറകളോടുകൂടിയ രണ്ട് വാളുകളും ഒരു കഠാരയുമായിരുന്നു.
പല നിറത്തിലുള്ള രത്നങ്ങൾ പിടിപ്പിച്ച സ്വർണം കൊണ്ടുണ്ടാക്കിയ ഉറകൾ.
അതിൽ സ്വർണ നിർമ്മിതമായ വാളുകളും കഠാരയും!
''ഈശ്വരാ... ഇത്തരം ആയുധങ്ങളെക്കുറിച്ച് കേട്ടിട്ടേയുള്ളായിരുന്നു ഇതുവരെ. കാണാനും സ്വന്തമാക്കാനും കഴിഞ്ഞല്ലോ ...."
കിടാക്കന്മാരുടെ ആഹ്ളാദത്തിന് അതിരില്ലാതായി.
''പരുന്തേ... വേഗം അടുത്തത് പൊളിച്ചോ. ഞാനിത് കൊണ്ടുവച്ചിട്ട് വരാം."
ശ്രീനിവാസ കിടാവ് ആർത്തിയോടെ അതുമായി പോയി.
തങ്ങൾ കിടക്കുന്ന മുറിയിലേക്ക് അയാൾ അതുമായി പോകുന്നത് താക്കോൽ പഴുതിലൂടെ പ്രജീഷ് കണ്ടു.
''കലേ... വിലപ്പെട്ടത് എന്തോകൂടി കിട്ടിയിട്ടുണ്ട് കിടാവിന്."
പ്രജീഷ് മന്ത്രിച്ചു.
ചന്ദ്രകലയുടെ കണ്ണുകൾ വല്ലാതെ വെട്ടിത്തിളങ്ങി.
****
ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ദേവനന്ദയുടെ മൃതദേഹം ചിതയിൽ വച്ചു.
അടുത്ത ബന്ധുക്കൾ ഒഴികെയുള്ളവർ ബലഭദ്രൻ തമ്പുരാനോട് യാത്ര പറഞ്ഞ് പിരിഞ്ഞു തുടങ്ങി.
ഏറ്റവും അവസാനം എസ്.പി ഷാജഹാനും സി.ഐ അലിയാരും ബലഭദ്രന്റെ മുന്നിലെത്തി.
''ഞങ്ങൾ നാളെ വരാം തമ്പുരാൻ. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്."
പറഞ്ഞത് അലിയാരാണ്.
തമ്പുരാൻ തല കുലുക്കി.
അവിടെ ഡ്യൂട്ടിക്കു നിറുത്തിയിരുന്ന പൊലീസുകാരെക്കൂടി അലിയാർ താൻ വന്ന ബൊലേറോയിൽ കയറ്റിക്കൊണ്ടുപോയി.
*****
നേരം ഇരുട്ടി.
വടക്കേ കോവിലകത്തെ നിലവറയിൽ ഇനി മൂന്ന് കല്ലറകൾ കൂടി പൊളിക്കാനുണ്ട്.
വാളുകളുംകഠാരയും കിട്ടിയശേഷം പൊളിച്ച കല്ലറകൾ ശവം അടക്കം ചെയ്തവയായിരുന്നു.
''പരുന്തേ... എത്ര ക്ഷീണിച്ചാലും ഈ രാത്രിയിൽ ആ മൂന്നെണ്ണം കൂടി നമുക്ക് പൊളിക്കണം. നേരം പുലരും മുമ്പ് ഇവിടെ നിന്ന് രക്ഷപ്പെടുകയും വേണം."
ശേഖരൻ തീർത്തു പറഞ്ഞു.
''കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കാം സാർ..."
അവർ നിലവറയിലെത്തി.
''ഛേ... വെള്ളം എടുക്കാൻ മറന്നു."
പരുന്ത് തിരിഞ്ഞു. ''ഞാൻ ഇപ്പം എടുത്തോണ്ട് വരാം."
കിടാക്കന്മാരുടെ മറുപടി കാക്കാതെ നിലവറയിലെ ഇരുട്ടിലൂടെ അയാൾ വേഗം പോയി.
ആ പോക്കിൽ ചന്ദ്രകലയും പ്രജീഷും തടവിൽ കഴിഞ്ഞ മുറിയുടെ വാതിലിന്റെ ഓടാമ്പൽ നീക്കിയിടുകയും ചെയ്തു.
വളരെ വേഗത്തിൽ വെള്ളവുമെടുത്തുകൊണ്ട് നിലവറയിൽ മടങ്ങിയെത്തിയതിനാൽ കിടാക്കന്മാർക്ക് യാതൊരു സംശയവും തോന്നിയതുമില്ല....
''ഇതാണ് പറ്റിയ അവസരം."
പ്രജീഷ് ചന്ദ്രകലയുടെ കാതിൽ മന്ത്രിച്ചു.
''ഞാൻ പുറത്തിറങ്ങാൻ പോകുകയാണ്."
''ഞാനും കൂടി വരാം."
''അതു വേണ്ടാ. അഥവാ കിടാക്കന്മാരിൽ ആരെങ്കിലും വന്നാൽ... അകത്ത് ആളുണ്ടെന്ന് മനസ്സിലാകണം. ഞാൻ പുറത്തുനിന്ന് ലോക്കു ചെയ്യും. നീ അകത്തുനിന്നും അങ്ങനെ ചെയ്യണം. അവർ വാതിൽ തുറക്കാൻ പറഞ്ഞാൽ പറ്റത്തില്ലെന്നു പറയണം. അപ്പോൾ ഞാൻ പുറത്തുണ്ടെന്ന് അവർ അറിയത്തുമില്ല, നമ്മളെ സംശയിക്കത്തുമില്ല."
അതൊരു നല്ല ആശയമാണെന്ന് ചന്ദ്രകല അറിഞ്ഞു.
അവരുടെ കണ്ണിൽപ്പെടാതെ പ്രജീഷിന് ഒളിക്കുവാൻ കോവിലകത്ത് ഒരുപാട് ഭാഗങ്ങൾ ഉണ്ടുതാനും.
''പെട്ടെന്നു വരണേ... എനിക്ക് നല്ല പേടിയുണ്ട്. " ചന്ദ്രകല അറിയിച്ചു.
''വരാം." അയാൾ പുറത്തിറങ്ങി വാതിൽ ലോക്കിട്ടു. ചന്ദ്രകല അകത്തേതും.
(തുടരും)