
ആരാണു പൗരൻ?
പൗരനല്ലാത്തയാൾ?
ഞാൻ വിശ്വപൗരൻ
ഞാൻ ഭാരതീയൻ!
ആരാണു നിർഭാഗ്യ -
വാൻ! പൗരഹീനൻ!
ഏതു ഗോളത്തിലും
ഏതു ദേശത്തിലും
പോകാനൊരുങ്ങുവോൻ
ലോകപൗരൻ!
വിശ്വമാകെ മിഴി -
നട്ട ഭാരതീയൻ!
ചട്ടങ്ങളൊക്കെ നി -
യന്ത്രണം മാത്രമാം
ചട്ടങ്ങൾ മാറാം
പുതുതുണ്ടാകാം.
എന്തിനു നിർമ്മിച്ചു
ലോകരാജ്യങ്ങൾ തൻ
സംഗമവേദി
ഐക്യരാഷ്‌ട്രവേദി?
എന്തിനുപോകുന്ന-
വീടെ പ്രസംഗീയ്‌ക്കാൻ
അന്തർദേശീയ
മാനുഷ്യനീതി?
ജാതി നോക്കി
മതം നോക്കി
ലോകങ്ങളിൽ നീ
നരനെ നിർണ -
യിയ്‌ക്കുന്നുവെങ്കിൽ
ഈ മതം ഈ രാഷ്‌ട്രം
ഉണ്ടായതിൻമുമ്പ്
മാനവർ ഉല്ല-
സിച്ചാ നാളുകൾ
നിൻ പൂർവഗാമി എ-
വിടെക്കഴിഞ്ഞെന്നും
എങ്ങനെ കാലം ക-
ഴിച്ചുവെന്നുള്ളതും
നീ അറിയുന്നുവോ
ആരറിയുന്നുവോ?
പോയി മറഞ്ഞ മാ-
ലോകരീലോകത്തിൽ
വേരറ്റ പായൽ
പോൽ നീന്തിയെന്നോ?
ഇല്ലില്ല; ഗംഗാത-
ടങ്ങളിൽ സിന്ധുവിൽ
പുണൃനിലാവി -
ലാനൈൽ തടത്തിൽ
യുഫ്രട്ടീസിന്റെ
കരയിൽ, ടൈഗ്രിസിൻ
തീരങ്ങളിൽ; യാങ്ങ് സി-
തടത്തിൽ; വോൾഗ -
തൻ പാർശ്വഭൂവിയിൽ
വേരുറപ്പിച്ചു
വളർന്നു കൃഷി -
ചെയ്‌തു നൂതന
ലോകം പണിതുയർത്തി!
ഹേ! രാഷ്‌ട്രഗർവേ!
മനുഷ്യരൂപം പൂണ്ട
ബീഭൽസമാം അധി-
കാര രൂപങ്ങളേ!
നീയിരിയ്‌ക്കുന്നു ജ -
നതതൻ തോളതിൽ
തോളു ചരിയവേ
നീ നിപതിച്ചിടും
ഭൂവതിൻ പാറമേൽ!
നീതിശാസ്‌ത്രത്തിൻ ക-
രിമ്പാറ മീതെയായ്!
നീതിയ്‌ക്കുവേണ്ടി മ-
ഹാത്യാഗിയൂഴിയിൽ
ഏറി കുരിശ്ശിൽ; വ-
ർഷങ്ങൾ രണ്ടായിരം
ഏറെക്കഴിഞ്ഞിട്ടി
തുവരെ മർത്യന്നു
നേരറിവിന്റെ ദി-
നങ്ങൾ വന്നീലയോ?
ആരാണു നിന്നുടെ
പൗരൻ പറയുക?
ആരാണു നിന്നുടെ
പൗരനല്ലത്തയാൾ!
നീയും കുടുംബവും
ബന്ധുമിത്രാദിയും
കൂടെ നടക്കുന്ന
സേവകവൃന്ദവും
രാജാധികാരസ-
മമാം അധികാര
സേവനടത്തുന്ന
ദുഷ്‌പ്രഭുത്വങ്ങളും
നാട്ടിൽ മനുഷ്യരെ
വേർതിരിച്ചക്രമി-
ച്ചാകെ നശിയ്‌ക്കും ക-
ലാപ കലുഷിതർ!
ഒത്തുചേർന്നാൽ തവ
പൗരരാകും; പക്ഷെ
ലക്ഷങ്ങൾ കോടികൾ
മർത്യജനം നിന്റെ
പുസ്‌തകത്തിൽ പൗര-
രല്ലാതെ വന്നിടാം!
ആയവർ എങ്ങും പ-
റന്നുപോകില്ലവർ;
തീയുണ്ട ഏറ്റുമ-
രിയ്‌ക്കുകില്ലാ അവർ;
ആയവർ തൻബലം
രാഷ്‌ട്ര ബലം; അതു
കേൾവികേട്ടുള്ളതാം
ലോകബലം; ശുഭം!
എന്നും ചരിത്രത്തിൽ
മിന്നിതിളങ്ങുന്ന
സന്ദേശ കാവ്യങ്ങൾ!
'പാടിപ്പതിഞ്ഞ പ-
ഴങ്കഥപ്പാട്ടുകൾ!"
ഇന്നും അടുത്ത ദിനവും
ഒരായിരം സംവത്സരം
കഴിഞ്ഞാലും; ഇല്ലാ മാറി-
ല്ലിയീ നീതി;രാഷ്‌ട്രനീതി!
ലോകസുരക്ഷ തൻനീതി!
മാറ്റുമെങ്കിൽ അതു
മാലോകരാകെ ഒ-
ന്നായ് തീർന്നു നിൽക്കവേ
രാഷ്‌ട്രങ്ങളില്ലാതെ
വർഗങ്ങളില്ലാതെ
സേനകളില്ലാതെ
നീതിപീഠങ്ങളും
ചെങ്കോലുമില്ലാതെ
ജാതിയില്ലാതെ മ-
തങ്ങളുമില്ലാതെ
മാതാപിതൃ ഗുരു
സജ്ജന സമ്പന്ന-
നിത്യ സമാധാന
കാലം വരുമെങ്കിൽ
മാറും സുരക്ഷിത
രാഷ്‌ട്രനീതി; രാഷ്‌ട്ര-
ങ്ങളില്ലാത്ത കാല-
മത്രേയത്; ആ കാലം
സ്വപ്‌നം! സുവർണ്ണം!
ശാന്തം സുഭദ്രം കഴിഞ്ഞവരെ
ശാന്തിയില്ലാതെ വലിച്ചെറിഞ്ഞു
ക്ഷുബ്‌ധവഗ്നിയിൽ; നിത്യവിനാശ-
ച്ചുഴിയിൽ, മഹാപാപി വർഗങ്ങൾ!
ഒറ്റനിമിഷവും പോകായ്‌കയീ-
വഴി; നീയുമീയഗ്നിയിൽ വീഴും!
വായിച്ചുനോക്കു
പ്രപഞ്ചശാസ്‌ത്രം!
ആദിമദ്ധ്യാന്ത വിഹീനൻ എഴുതി-
യ നേരറിവിന്റെ പ്രപഞ്ചശാസ്‌ത്രം!
ഇല്ലാ നിനക്കില്ലിതിൽ ജയം
കാരണം എന്നേ ചരിത്രം
വിധിച്ചു പരാജയം!
ഒന്നുമാത്രം നേട്ടമുണ്ടാം
അതായതു കൊന്നുതള്ളാം
കുറേ മർത്യരേക്കൂടിയും!
നിർമ്മിച്ചതൊക്കെ തകർത്തിടാനും
അന്യന്റെ സമ്പത്തെടുത്തീടാനും!
അത്രമാത്രം നേട്ടമുണ്ടാം.
ഭൂമിയിൽ സന്മനസുള്ളവർ
എങ്ങാനും ജീവിച്ചിടുന്നു
വസുധയിലെങ്കിലോ
ഓടിഅണയുക
നിർമ്മാർജ്ജനം ചെയ്‌ക
ഈ കലാപത്തിന്റെ തീജ്വാലകൾ!
ഈ രാഷ്ട്രഗർവിൽ
മനുഷ്യരൂപം പൂണ്ട
ബീഭൽസമാം അധികാര രൂപങ്ങളെ.
മാറ്റി പ്രതിഷ്‌ഠിയ്‌ക്ക! നിത്യമാം ശാന്തിതൻ
ശ്രീവൽസരൂപം തെളിയട്ടെ വേദിയിൽ!
'മാനവധർമ്മം വിളംബരം ചെയ്യുന്ന"
'മാനിഷാദാ" പുമാൻ
ഏറട്ടെ വേദിയിൽ!
ഭാരം ചുമന്നധികാര-
വേതാളത്തെ തോളിലേറ്റി
ത്തളരുന്ന മാനവാ!
ഹേ! ഭാരതീയാ! കൃഷിവലാ!
തള്ളു നീ ഓടയിൽ
താവക പാപഭാരം ക്ഷണം.