ആർക്കു പ്രാന്തു വന്നാലും കോഴിക്കാണ് കിടക്കപ്പൊറുതിയില്ലാത്തത് എന്നു പറഞ്ഞതു പോലെയാണ് കെ.എസ്.ആർ.ടി.സിയുടെ സ്ഥിതി. ഏതു പ്രക്ഷോഭത്തിലും പ്രതിഷേധക്കാരുടെ ആദ്യ ഇര ട്രാൻസ്പോർട്ട് ബസുകളാണ്. ഓരോ പ്രതിഷേധ സമരം കഴിയുമ്പോഴും ഒട്ടേറെ ബസുകൾ തകർക്കപ്പെട്ട നിലയിൽ ഗാരേജിലാകുന്നു. നാശം പല തരത്തിലാകും. ലക്ഷണക്കിനു രൂപയുണ്ടെങ്കിലേ അവ നന്നാക്കി വീണ്ടും സർവീസിനയ്ക്കാനാകൂ. ഇപ്പോഴത്തെ സ്ഥിതിയാണെങ്കിൽ ശമ്പളം കൊടുക്കാൻ പോലുമാകാതെ കെ.എസ്.ആർ.ടി.സി വലയുകയാണ്. അതിനിടയിലാണ് പൗരത്വ ഭേദഗതി നിയമം കോർപ്പറേഷന്റെ തകർച്ചയ്ക്ക് പുതിയൊരു ആണികൂടി അടിച്ചിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ ഇക്കഴിഞ്ഞ പതിനേഴിന് ചില സംഘടനകൾ നടത്തിയ ഹർത്താലിൽ ഇരുപത്തൊന്നു ട്രാൻസ്പോർട്ട് ബസുകളാണ് എറിഞ്ഞു തകർക്കപ്പെട്ടത്. ഇവയിൽ പതിനെട്ടും തിരുവനന്തപുരം മേഖലയിലെ ബസുകളാണ്. ചില്ലുകൾ തകർന്നും ടയറിനു കേടുപാടുകൾ പറ്റിയും ഈ ബസുകളെല്ലാം ഇപ്പോൾ വർക്ക്ഷാപ്പിലാണ്. ഇരുപത്തഞ്ചുലക്ഷം രൂപയെങ്കിലും വേണം അവ നന്നാക്കി റോഡിലിറക്കാൻ. ദിവസചെലവിനുള്ള പണംപോലുമില്ലാതെ നട്ടംതിരിയുന്ന കോർപ്പറേഷന് ഇത്രയും പണം കണ്ടെത്താൻ കഴിയുന്നില്ല. ഈ ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടുകളിലേക്ക് പകരം ബസ് അയയ്ക്കാമെന്നു വച്ചാൽ അതിനും പാങ്ങില്ല. കാരണം ആവശ്യത്തിന് ബസുകൾ ഒരു ഡിപ്പോയിലും ഇല്ല. കോർപ്പറേഷൻ പുതിയ ബസുകൾ ഇപ്പോൾ വാങ്ങാറില്ല. പണമില്ലാത്തതു തന്നെ പ്രധാന പ്രശ്നം. പ്രക്ഷോഭത്തിൽ തകരുന്ന ബസുകൾ ഓടിയിരുന്ന റൂട്ടുകളിൽ അവ റിപ്പയർ ചെയ്തിറക്കുന്നതുവരെ ഷെഡ്യൂളുകൾ റദ്ദാക്കാനാണ് കോർപ്പറേഷൻ ആലോചിക്കുന്നതത്രെ. പകരം ബസുകൾ അയയ്ക്കാൻ വഴി കാണാതെയാണ് ഈ അറ്റകൈ പ്രയോഗിക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഏതായാലും സ്വതേ യാത്രാദുരിതം രൂക്ഷമായ തിരുവനന്തപുരം മേഖലയിൽ പതിവു ബസുകൾ ഇല്ലാതായതോടെ യാത്രക്കാർ കൂടുതൽ വലയുന്ന സ്ഥിതിവിശേഷമാണിപ്പോൾ.
പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർ വിവേകശൂന്യമായി ബസുകൾക്കും മറ്റു വാഹനങ്ങൾക്കും നേരെ അക്രമം അഴിച്ചു വിടുന്നത് രാജ്യമൊട്ടാകെ വലിയ നാശത്തിലാണ് കലാശിക്കുന്നത്. ഇപ്പോഴത്തെ പൗരത്വ വിരുദ്ധ സമരം ആളിപ്പടർന്നതിനിടയിൽ എത്രയോ കോടി രൂപയുടെ വാഹനങ്ങൾ അഗ്നിക്കിരയായിട്ടുണ്ട്. ദിവസങ്ങളോളം സർവീസുകൾ മുടങ്ങിയതുമൂലം സാധാരണ യാത്രക്കാർക്കുണ്ടായ ദുരിതം വിവരണാതീതമാണ്. പൊതുനിരത്തുകൾ കൈയടക്കുന്ന പ്രക്ഷോഭകർ കണ്ണിൽക്കാണുന്ന വാഹനങ്ങൾക്കു നേരെയാണ് തങ്ങളുടെ കോപം മുഴുവൻ തീർക്കുന്നത്. നാളെ തങ്ങളുടെ തന്നെ സഞ്ചാര സൗകര്യമാണ് ഭ്രാന്തമായ ഈ സമരാഗ്നിയിൽ വെന്തുരുകുന്നതെന്ന് അക്രമം അഴിച്ചുവിടുന്നവർക്കും നന്നായി അറിയാം. പക്ഷേ ശീലം മാറ്റാൻ കഴിയുന്നില്ല. നിരത്തുകളിൽ വാഹനങ്ങൾക്ക് തീവച്ചുകൊണ്ടാണ് പ്രക്ഷോഭത്തിന്റെ തുടക്കം. ആവശ്യം എന്തായാലും ആദ്യ ഇര പൊതുഗതാഗത വാഹനങ്ങൾ തന്നെ.
സംസ്ഥാനത്ത് കല്ലേറിൽ തകർന്ന ട്രാൻസ്പോർട്ട് ബസുകൾ പണം ലഭിക്കുന്ന മുറയ്ക്ക് നന്നാക്കി ഇറക്കുന്നതുവരെ അവ ഓടിക്കൊണ്ടിരുന്ന റൂട്ടുകളിൽ ട്രിപ്പുകൾ മുടക്കേണ്ടി വരുന്നത് ഗത്യന്തരമില്ലാതെയാണെന്ന് സമ്മതിച്ചാൽ പോലും അതിനു പിന്നിലെ ജനവിരുദ്ധത ഏറെ പ്രകടമാണ്. കെ.എസ്.ആർ.ടി.സി പാപ്പരായി നിൽക്കുന്നതിന്റെ പാപഭാരം യാത്രക്കാർ ചുമക്കണമെന്നു വരുന്നത് നീതികേടാണ്. പ്രക്ഷോഭത്തിൽ തകർന്ന ബസുകൾക്കു പകരം ബസുകൾ കണ്ടെത്തി സർവീസുകൾ മുടക്കമില്ലാതെ നടത്തേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോർപ്പറേഷനാകില്ല. അല്ലെങ്കിൽത്തന്നെ മറ്റു കാരണങ്ങളാൽ നിരവധി ഷെഡ്യൂളുകൾ ദിവസേന റദ്ദാക്കാറുണ്ട്. കല്ലേറിൽ ബസുകൾ തകർന്നതിന്റെ പേരിൽ പ്രസ്തുത ബസുകൾ ഓടിയിരുന്ന റൂട്ടുകളിലെ യാത്രക്കാരെ ട്രിപ്പ് മുടക്കി ശിക്ഷിക്കാൻ കോർപ്പറേഷന് അധികാരമില്ല. യാത്രക്കാരല്ല ബസുകൾ കല്ലെറിഞ്ഞു തകർത്തതെന്ന് കോർപ്പറേഷന് നന്നായി അറിയാം. സമരക്കാരോ അവർക്കിടയിൽ കടന്നുകൂടിയ സാമൂഹ്യ വിരുദ്ധന്മാരോ ചെയ്ത അതിക്രമങ്ങൾക്ക് നിത്യ യാത്രക്കാർ പിഴമൂളണമെന്നു വരുന്നത് ശരിയല്ല. ട്രാൻസ്പോർട്ട് ബസുകൾ പൊതുമുതലാണ്. അവ നശിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് സംഭവിച്ച നഷ്ടം ഈടാക്കാൻ വ്യക്തമായ നിയമം പ്രാബല്യത്തിലുണ്ട്. ഹർത്താൽ ദിനം ബസുകൾ ഓടിച്ചാൽ ആക്രമണമുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ഹർത്താലിന് ആഹ്വാനം നൽകുന്ന കക്ഷികൾക്ക് സ്വാധീനമുള്ള മേഖലകളിൽ എല്ലാക്കാലത്തും ബസുകൾക്കു നേരെയുള്ള ആക്രമണം പതിവാണ്. അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാവും ബുദ്ധി. കല്ലേറിലും അക്രമങ്ങളിലും തകരുന്ന ബസുകളുടെ നഷ്ടം കണക്കാക്കി അതിന് ഉത്തരവാദികളായവരിൽ നിന്ന് അത് ഈടാക്കാനുള്ള നിയമ നടപടി എടുക്കാൻ കോർപ്പറേഷന് കഴിയണം. ആക്രമണകാരികൾ ശിക്ഷിക്കപ്പെടുെമന്നു വന്നാലേ ഭാവിയിൽ ബസുകൾക്ക് രക്ഷയുള്ളൂ. ഇതിനു തയ്യാറല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ച ബസുകൾ കഴിയുന്നത്ര വേഗം നന്നാക്കാനുള്ള വഴി തേടണം. അതുവരെ പകരം ബസുകൾ കണ്ടെത്തി സർവീസിന് അയയ്ക്കണം. കല്ലേറുകൊണ്ട ബസുകളുടെ പേരിൽ യാത്രക്കാരെ ശിക്ഷിക്കാനൊരുങ്ങരുത്. ഇത് കീഴ്വഴക്കമാക്കിയാൽ സ്ഥിതി എന്താകുമെന്നുകൂടി ആലോചിക്കണം. നാലഞ്ചു പേർ വിചാരിച്ചാൽ ഏതു റൂട്ടിലും ട്രാൻസ്പോർട്ട് ബസ് സർവീസ് മുടക്കാൻ ചെറിയൊരു കല്ലേറു മതിയാകുമല്ലോ. ബസിനു കല്ലെറിയുന്നവരെ കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമ നടപടികൾ ശക്തമാക്കുകയാണ് വേണ്ടത്.