പാലോട്: നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ വൈദ്യുതിബന്ധം ഇടയ്ക്കിടെ മുടങ്ങുന്നതായി പരാതി.കടുത്ത ചൂട് അനുഭവപ്പെടുന്ന ഉച്ച സമയത്ത് പോലും ഇടവിട്ട് വൈദ്യുതി മുടങ്ങുന്നതായാണ് പരാതി. വൈദ്യുതി ഓഫീസിലേക്ക് വിളിച്ച് പരാതിപെടുമ്പോൾ ഉടൻ പരിഹാരം കാണാമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടിയൊന്നുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വൈദ്യുതിലൈനുകൾക്ക് മുകളിലുള്ള മരച്ചില്ലകൾ കൃത്യമായി വെട്ടിമാറ്റാത്തതാണ് ഇത്തരത്തിൽ വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് ആക്ഷേപം. പാലോട് ഇലക്ട്രിക്കൽ മേജർ സെക്ഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ പരാതിയുള്ളത്. വൈദ്യുതി പ്രവാഹത്തിലെ വ്യതിയാനത്തെ തുടർന്ന് വീടുകളിലെ ഗൃഹോപകരണങ്ങൾ കേടാകുകയാണ്. ഫ്രിഡ്ജിലും ഫ്രീസറിലും സൂക്ഷിച്ചിട്ടുള്ള ഭക്ഷണ പദാർത്ഥങ്ങൾ സ്ഥിരമായി കേടാകുന്നതുമൂലം വലിയ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നത്. വൈദ്യുതി തടസം പരിഹരിക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു.