ആരേയും അവഗണിക്കാതെ എല്ലാവരേയും പരിഗണിക്കണമെന്ന സന്ദേശമാണ് ക്രിസ്‌മസ് പകർന്നു തരുന്നത്. ഇതാണ് അജഗണത്തിനു നൽകാനുള്ള ക്രിസ്മസ് സന്ദേശം.. എല്ലാവരുടെയും മുന്നിൽ ചെറുതാകാനുള്ള മാനസികാവസ്ഥയിലേക്ക് ജനങ്ങളുടെ മനോഭാവം വളരണം . അങ്ങേയറ്റം ചെറുതാവുക എന്നതാണ് യേശുക്രിസ്തു പഠിപ്പിച്ചത്. ക്രിസ്തുവിന്റെ ജനനവും മരണവും സ്വന്തമെന്ന് അവകാശപ്പെടാവുന്ന സ്ഥലത്തായിരുന്നില്ല സംഭവിച്ചത്. സമൂഹത്തിലെ മറ്റുള്ളവർ നമ്മളെക്കാൾ ശ്രേഷ്‌ഠരായിട്ടുള്ളവരാണെന്ന ചിന്തയാകണം നമ്മെ നയിക്കേണ്ടത്.
എല്ലാവരും തന്നെക്കാൾ ഉയർന്നവരായിരിക്കുന്നു എന്നതാകണം ചെറുതാകൽ എന്നതിലൂടെ കരുതേണ്ടത്. ചെറുതാകൽ മനോഭാവം എത്രമാത്രം ആർജിച്ചെടുക്കുന്നുവോ അത്രമാത്രം യേശുവിന്റെ ശിഷ്യന്മാരായിരിക്കാൻ ഓരോരുത്തർക്കും സാധിക്കും. ഏറ്റവും വലിയവൻ ഒടുവിലത്തെ ആൾക്കും ശുശ്രൂഷകൻ ആകണമെന്നാണ് ക്രിസ്തു പറഞ്ഞത്. മറ്റുള്ളവർ തങ്ങളെക്കാൾ ശ്രേഷ്ഠരാണ് എന്നാണ് ഓരോരുത്തരും ഓർക്കേണ്ടത്. ക്രിസ്തുവിന്റെ ഈ ആഹ്വാനം അനുസരിച്ച് ജീവിച്ചാൽ ഭൂമിയിൽ സമാധാനവും ദൈവത്തിനും മഹത്വവും ഉണ്ടാകും. സുഹൃദജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാൻ എല്ലാവർക്കും സാധിക്കണം.
(അഭിവന്ദ്യ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പാണ് ലേഖകൻ)