മലയിൻകീഴ് : വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്ന് പിരിച്ച പണം സി.ഡി.എസ് ചെയർപേഴ്സൺ അപഹരിച്ചതായി ഏഴ് ബി.ജെ.പി വിളപ്പിൽ പഞ്ചായത്ത് അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സി.ഡി.എസ് ചെയർപേഴ്സനെതിരെ അന്വേഷണം നടത്തി കേസെടുക്കണമെന്നും അവരെ തത് സ്ഥാനത്തുനിന്ന് നീക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
2018 ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ കുടുംബശ്രീ മിഷൻ പുറത്തിറക്കിയ മാഗസിനു വേണ്ടി കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് 200 രൂപ വീതം 418 യൂണിറ്റുകളിൽ നിന്ന് 83600 രൂപ ചെയർപേഴ്സൺ പിരിച്ചിരുന്നു. എന്നാൽ ഇൗ തുകയിൽ 9200 രൂപ മാത്രമേ ചെയർപേഴ്സൺ ജില്ലാ മിഷനിൽ അടച്ചിട്ടുള്ളുവെന്നാണ് പഞ്ചായത്തംഗം അജിത് കുമാറിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നത്. നവകേരള ഭാഗ്യക്കുറിയുടെ സമ്മാനാർഹമായ ടിക്കറ്റുകളുടെ കമ്മിഷൻ തുക തട്ടിയെടുത്തെന്ന പരാതിയിൽ ചെയർപേഴ്സനെതിരെ അന്വേഷണം നടക്കുകയാണ്. വിളപ്പിൽ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ എടുത്ത 41 ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനം ലഭിച്ചിരുന്നു. ഇതിന്റെ കമ്മിഷനായ 20500ൽ നികുതി കഴിച്ചുള്ള 19475 രൂപ ചെയർപേഴ്സൺ കൈപ്പറ്റിയെങ്കിലും അർഹരായ കുടുംബശ്രീ അംഗങ്ങൾക്ക് നൽകിയില്ല. ഇക്കാര്യവും വിവരാവകാശ നിയമപ്രകാരമുള്ള രേഖയിലുള്ളതായി അംഗങ്ങൾ വിശദീകരിച്ചു. ചെയർപേഴ്സൺ നടത്തിവരുന്ന സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു. ബി.ജെ.പി.വിളപ്പിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എസ് അനിൽ,എസ്.കാർത്തികേയൻ, ജഗദമ്മ, അജിത് കുമാർ, ചന്ദ്രിക, ജലജാംബിക, ആർ.എസ് അജിതകുമാരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.