വാഹനം വാങ്ങാനൊരുങ്ങുമ്പോള്‍ ആദ്യം നോക്കുന്നത് സുരക്ഷ തന്നെയാണ്. സുരക്ഷയുടെ പേരിലാണ് ക്രാഷ് ഗാർഡുകൾ ഉൾപ്പെടെയുള്ളവ വാഹന ഉടമകൾ ഘടിപ്പിക്കുന്നതും. മറ്റു വാഹനങ്ങളുമായി കൂട്ടി മുട്ടുമ്പോൾ വാഹനത്തിനു ഉണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുക എന്നതാണ് ക്രാഷ് ഗാർഡുകളിലൂടെ ലക്ഷ്യമിടുന്നത്. പക്ഷേ ഇതിനു ഗുരുതരമായ സുരക്ഷാ പ്രശ്നമുണ്ട്.
ക്രാഷ് ഗാര്‍ഡുകളുടെ ഉപയോഗം എയര്‍ ബാഗുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. അപകടത്തില്‍ ഇടിയുടെ ആഘാതം ക്രാഷ് ബാറുകള്‍ ആദ്യം ഏറ്റുവാങ്ങുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ എയര്‍ ബാഗുകള്‍ ഒരല്‍പം വൈകിയാകും പുറത്തേക്ക് വരിക. ക്രാഷ് ഗാര്‍ഡുകള്‍ ഷാസിയിലേക്ക് നേരിട്ടാണു ഘടിപ്പിക്കുന്നത്. തത്ഫലമായി ഇടിയുടെ ആഘാതം ഷാസിയിലേക്കാകും ആദ്യമെത്തുക.
അപകടം ഉണ്ടാകുമ്പോൾ യാത്രക്കാരന് സുരക്ഷ ഒരുക്കുന്ന എയർബാഗ് സംവിധാനം ക്രാഷ് ഗാർഡ് ഉണ്ടെങ്കിൽ പ്രവർത്തിക്കില്ല എന്നതാണ് ക്രാഷ്‌ഗാർഡിന്റെ പ്രധാന സുരക്ഷാ പ്രശ്നം. അപകടത്തെപറ്റി അറിയിപ്പ് നൽകുന്ന സെൻസർ പ്രവർത്തിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുക. ക്രാഷ്‌ഗാർഡ് ഘടിപ്പിക്കുന്നത് സുരക്ഷയേക്കാൾ അപകടമാകുന്നത് ഇതിനാലാണ്.
സർക്കാർ ഉടമസ്ഥതയിലുള നിരവധി വാഹങ്ങളിൽ ഇത്തരത്തിൽ ക്രാഷ് ഗാർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്രാഷ് ഗാർഡ് ഘടിപ്പിച്ചാൽ രണ്ടായിരം രൂപയാണ് മോട്ടോർ വാഹന നിയമ ഭേദഗതിക്ക് ശേഷമുള്ള പിഴത്തുക. കൂടാതെ ഇങ്ങനെ ഘടിപ്പിച്ചിട്ടുള്ള ഭാഗങ്ങൾ വാഹനത്തിൽ നിന്ന് നീക്കം ചെയ്യുകയും വേണം. മോട്ടോർ വാഹന നിയമം സെക്ഷൻ 52 പ്രകാരം വാഹനത്തിന്റെ രൂപത്തിൽ യാതൊരു മാറ്റവും വരുത്തരുതെന്നു കൃത്യമായി പറയുന്നുണ്ട്. ക്രാഷ് ഗാർഡ് എക്സ്ട്രാ ഫിറ്റ് ചെയ്യുന്ന സാധനങ്ങളുടെ ഗണത്തിലാണ് പെടുക. ഇത് ഘടിപ്പിക്കുന്നത് വാഹനത്തിന് രൂപമാറ്റം വരുത്തുന്നതിന് തുല്യമായാണ് മോട്ടോർവാഹന നിയമത്തിൽ പറയുന്നത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച നിർദ്ദേശവും നൽകിയിട്ടുണ്ട്.