നെടുമങ്ങാട് : നഗരവാസികൾ ആഘോഷമാക്കിയ കോയിക്കൽ കലാസാംസ്കാരിക മേളയും പുസ്തകോത്സവവും അവസാന ലാപ്പിലേക്ക്. നാലുദിവസമായി ടൗൺ എൽ.പി.എസിലെ പൗലോ പൗലിനോ നഗറിൽ നടക്കുന്ന മേളയിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങളും സംവാദങ്ങളും മേളയെ സജീവമാക്കുന്നുണ്ട്. നാടൻ വിഭവങ്ങളുൾപ്പെട്ട ഫുഡ്ഫെസ്റ്റിന്റെ ഭാഗമായി ഗ്രാമപശ്ചാത്തലത്തിൽ നെടുമങ്ങാട് സ്വദേശി ഗോപൻ സജ്ജീകരിച്ച ഓല മേഞ്ഞ തട്ടുകട അക്ഷര നഗരിക്ക് കൗതുകമായി. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാനമായ ഐ.എസ്.ആർ.ഒ ഒരുക്കിയ എക്സിബിഷൻ വിദ്യാർത്ഥികൾക്ക് ഏറെ വിജ്ഞാനപ്രദമാണ്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ജൈവഗ്രാമവും നഗരസഭയുടെ കാർഷിക കർമ്മസേനയും കുടുംബശ്രീ സ്റ്റാളുകളും ആകർഷകമാണ്. പ്രമുഖ പ്രസാധകരുടെ പുസ്തക മേളയിലും വൻ തിരക്ക് അനുഭവപ്പെടുകയാണ്.
കൈയടി നേടി എഴുത്തുകൂട്ടായ്മ
അക്ഷരനഗരിയിൽ നെടുമങ്ങാടിന്റെ സർഗലാവണ്യം എന്ന പേരിൽ പ്രാദേശിക എഴുത്തുകൂട്ടായ്മയും പഴയകാലത്തെ പത്രപ്രവർത്തക അനുഭവങ്ങൾ പങ്കുവച്ച മാദ്ധ്യമസംവാദവും ശ്രദ്ധേയമായി. മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. പിരപ്പൻകോട് മുരളി മുഖ്യപ്രഭാഷണം നടത്തി. എം.ബി. ദിവാകരൻ, ആനാട് ശശി എന്നിവരെ ആദരിച്ചു. ഷിജൂഖാൻ മോഡറേറ്ററായി. മാദ്ധ്യമ പ്രവർത്തകരായ വിധു വിൻസെന്റ്, ഡോ. ലാൽ, ആർ.പി വിനോദ്, നടൻ എൻ.കെ. കിഷോർ, സംഘാടകസമിതി ചെയർമാൻ അഡ്വ. ആർ ജയദേവൻ, കെ.സി. സാനുമോഹൻ എന്നിവർ പ്രസംഗിച്ചു. ബി. ഷിഹാബിന്റെ കവിതാ സമാഹാരം'കണക്കു തെറ്റിയ കാക്ക" വിധു വിൻസെന്റ് അഡ്വ. ആർ. ജയദേവനു നല്കിയും വിജു കൊന്നമൂടിന്റെ കവിതാ സമാഹാരം'ദരിദ്ര വാസികൾ ഉല്ലാസ യാത്രയ്ക്കു പോകരുത്" ആർ.പി. വിനോദിനു നല്കിയും പ്രകാശനം ചെയ്തു. ഇന്ന് വൈകിട്ട് കുരീപ്പുഴ ശ്രീകുമാറിന്റെ സാംസ്കാരിക പ്രഭാഷണവും ചർച്ചയും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മോഡറേറ്ററാവും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും