ezhuthachan-puraskaram

തിരുവനന്തപുരം: രാജ്യം വലിയ ആശങ്കയിൽ കഴിയുന്ന ഘട്ടത്തിൽ ആനന്ദിനെപ്പോലുള്ളവരുടെ സാഹിത്യസൃഷ്ടികൾ മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇത്തരം എഴുത്തുകൾ ആദരിക്കപ്പെടേണ്ടതുണ്ട്. ആരാണ് ഇന്ത്യൻ പൗരൻ എന്ന ചോദ്യമുയരുന്ന കലുഷിതമായ അവസ്ഥയാണുള്ളത്. ഇന്ത്യയിൽ ജനിച്ചു വളർന്ന ചിലർക്ക് താൻ ഏതു രാജ്യത്തെ പൗരനാണെന്ന ചോദ്യത്തിന് മറുപടി പറയേണ്ട വേദനാജനകമായ സ്ഥിതിയുണ്ട്. സ്‌നേഹവും കരുണയും കരുതലും ഇല്ലാതാവുന്നു. ഇത്തരം ഭീതിജനകമായ അവസ്ഥയിൽ മുന്നറിയിപ്പ് നൽകുന്ന പ്രവചന സ്വഭാവമുള്ള സർഗാത്മക രചനകളാണ് ആനന്ദിന്റേത്. ആ കരുതലിനുള്ള മലയാളത്തിന്റെ കൃതജ്ഞതയാണ് എഴുത്തച്ഛൻ പുരസ്‌കാരം.
യഥാർത്ഥ ജീവിതത്തിൽ മനുഷ്യർക്കിടയിൽ അകലം വർദ്ധിക്കുന്നു. ജാതി മുതൽ വംശം വരെ ഇതിന് കാരണമാകുന്നു. ആനന്ദ് എഴുത്തിലൂടെ മനുഷ്യർക്കിടയിൽ പാലം പണിഞ്ഞു കൊണ്ടിരിക്കുന്നു. എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനിൽക്കണം. അത് ജനാധിപത്യത്തിന്റെ നിലനില്പിന് ആവശ്യമാണ്.


ആനന്ദിന്റെ രചനകൾ നിരന്തരം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് കേരളം പരമോന്നത പുരസ്‌കാരം നൽകി ആദരിക്കുന്നത്. ആരുടെ പേരിലുള്ള അവാർഡ് ആർക്ക് നൽകുന്നു എന്നതിലൂടെയാണ് അത് ശ്രദ്ധിക്കപ്പെടുന്നത്. എഴുത്തച്ഛൻ സൃഷ്ടിച്ച ഗരിമയുള്ള കാവ്യഭാഷ ഇന്നും മലയാള കവിതയ്ക്ക് മാർഗദർശം നൽകുന്നു. താഴേത്തട്ടിലുള്ളവർക്ക് തന്റെ കവിത പ്രാപ്യമാകണം എന്ന് എഴുത്തച്ഛൻ ആഗ്രഹിച്ചു. ചരിത്രവുമായി ചേർന്നു നിൽക്കുന്ന സാഹിത്യമാണ് കാലത്തെ അതിജീവിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.


മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷനായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് പ്രശസ്തിപത്രം വായിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി ഡോ. കെ. പി. മോഹനൻ എന്നിവർ സംസാരിച്ചു.