തിരുവനന്തപുരം: പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്ര് ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി കന്യാകുമാരിയിലേക്കുള്ള യാത്രാമദ്ധ്യ തൈയ്ക്കാട് ഗസ്റ്ര് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി മുഖ്യമന്ത്രിമാർ എതിർത്ത സ്ഥിതിക്കും ജനവികാരം കണക്കിലെടുത്തും സർക്കാരിന് നിയമം പിൻവലിക്കാം.പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ തന്നെ വിട്ടുവീഴ്ചയുടെ സൂചനകളുണ്ട്. . പ്രധാനമന്ത്രി പറഞ്ഞതിലും അമിത് ഷാ പറഞ്ഞതിലും വൈരുദ്ധ്യങ്ങളുണ്ട്. ബി.ജെ.പി സഖ്യകക്ഷി മുഖ്യമന്ത്രിമാരായ നവീൻ പട്നായിക്കും നിതീഷ് കുമാറും എൻ.ആർ.സി ക്കെതിരെ രംഗത്തുവന്നു. അകാലിദൾ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നിന്ന് വന്ന മുസ്ലീങ്ങൾക്കും പൗരത്വം നൽകണമെന്ന് അകാലിദൾ ആവശ്യപ്പെടുന്നു.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ ഇടതുപക്ഷം പങ്കെടുക്കുന്നതു കൊണ്ട് മറ്ര് കാര്യങ്ങളിൽ അവരോടുള്ള എതിർപ്പ് അവസാനിക്കുന്നില്ല. പ്രതിഷേധമാണ് പ്രധാനം . അല്ലാതെ ഇടതുപക്ഷവുമായി സംയുക്തമായാണോ അല്ലയോ എന്നുള്ളതല്ല . കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ശേഷം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഹരിയാനയിൽ സർക്കാരുണ്ടാക്കിയെങ്കിലും പ്രതീക്ഷിച്ച സീറ്ര് കിട്ടിയില്ല. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും അവർ തോറ്രു. ഇത് വ്യക്തമായ സന്ദേശമാണ് നൽകുന്നതെന്ന് സച്ചിൻ പൈലറ്ര് പറഞ്ഞു.