dec23a

ആറ്റിങ്ങൽ: ഗിന്നസ് റെക്കാഡ് ജേതാവ് ജസ്റ്റിൻ ഗിൽബർട്ട് ലോപ്പസിന്റെ നാണയ പ്രദർശനം മേളയിൽ ശ്രദ്ധേയമാകുന്നു. വിവിധ രാജ്യങ്ങളിലേയും പ്രാദേശിക രാജ്യങ്ങളുടെയും ഉൾപ്പെടെ 255 പ്രദേശത്തെ നാണയങ്ങൾ പരിഗണിച്ചാണ് അവാർഡ് നേടിയത്. നിലവിൽ 310 നാണയങ്ങൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ബി.സി 335ൽ അല‌ക്‌സാണ്ടർ ചക്രവർത്തി പുറത്തിറക്കിയ അദ്ദേഹത്തിന്റെ മുഖം കൊത്തിയ ദ്രാക്ഷം എന്ന നാണയം മുതൽ പ്രദർശനത്തിലുണ്ട്. മുഹമ്മദ് നബിയുടെ കാലഘട്ടത്തിലുള്ള നാണയങ്ങളും പ്രദർശനത്തിലുണ്ട്. കുർദ്ദിസ്ഥാൻ എന്ന രാജ്യത്തിന്റെ നാണയവും ഈ ശേഖരത്തിലുണ്ട്. 8 വയസുമുതൽ തുടങ്ങിയ ഹോബിയാണ് പൂവാർ സ്വദേശിയായ ജസ്റ്റിൻ ഗിൽബർട്ട് ലോപ്പസിനെ അവാർഡിന് അർഹനാക്കിയത്. മുത്തശിയായ ഇന്നാസിഅമ്മയുടെ ശേഖരത്തിലുണ്ടായിരുന്ന തിരുവിതാംകൂർ നാണയങ്ങൾ ശേഖരിച്ചായിരുന്നു തുടക്കം. ദുബായ്, ഷാർജ, സിംഗപ്പൂർ, അബുദാബി ഉൾപ്പെടെ നിരവധി വിദേശരാജ്യങ്ങളിൽ 100 ലധികം പ്രദർശനം നടത്തിയിട്ടുണ്ട്. ഭാര്യ: ഡോർഫി, മക്കൾ: പ്രവീൺ, ബെൻ.