heart
photo

തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് സർജറി നടത്തി. കൊല്ലം നീണ്ടകര സ്വദേശിയെയാണ് ശസ്ത്രക്രിയ്ക്ക് വിധേയയാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഈ പ്രായത്തിലുള്ള കുട്ടിക്ക് ബൈപ്പാസ് നടത്തുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തു.

നെഞ്ചുവേദനയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കു ശേഷമാണ് പെൺകുട്ടിയെ ഒരുമാസം മുമ്പ് ഇവിടെ എത്തിച്ചത്. കുട്ടികളിൽ ഹൃദയാഘാത സാദ്ധ്യത വിരളമായതിനാൽ ജന്മനാ ഹൃദയ തകരാറുണ്ടോയെന്നാണ് ആദ്യം പരിശോധിച്ചത്. അതിൽ പ്രശ്നമൊന്നും കണ്ടില്ല. തുടർന്ന് കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ.ജോർജ് കോശിയുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു. ഉടൻ ആൻജിയോഗ്രാം നടത്തി.

പ്രധാന രക്തധമനിയിൽ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയിൽ 50 ശതമാനം ബ്ലോക്കും കണ്ടു. രക്തധമനീ ഭിത്തിയിലും തകരാറുണ്ടായിരുന്നു. ഈ അവസ്ഥയിൽ ആൻജിയോപ്ലാസ്റ്റി ഫലപ്രദമല്ലാത്തതിനാൽ ബൈപ്പാസിന് തീരുമാനിച്ചു. രക്തസമ്മർദ്ദം, പ്രമേഹം, പുകവലി എന്നീ കാരണങ്ങളാൽ ഉണ്ടാകുന്ന അത്രോസ്ക്ലെറോസിസാണ് സാധാരണ ബ്ലോക്കിന് കാരണമാകുന്നത്. കുട്ടികളുടെ ഹൃദയധമനികളെ ബാധിക്കുന്ന അപൂർവ രോഗമാണിതെന്നും ആഹാര രീതിയുമായി ബന്ധമില്ലെന്നും ഡോ.ജോർജ് കോശി പറഞ്ഞു.

കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോ.വി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഡോ കൃഷ്ണ, ഡോ കിഷോർ, ഡോ മഹേഷ്, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ.ഗോപാലകൃഷ്ണൻ, ഡോ.ഷീലാ വർഗീസ്, ഡോ അമൃത, ഡോ ജയശ്രീ എന്നിവരടങ്ങുന്ന സംഘമാണ് സർജറി വിജയകരമായി പൂർത്തിയാക്കിയത്.