kpcc

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിക്കെതിരായി യോജിച്ച പ്രക്ഷോഭത്തിനുള്ള സി.പി.എം ആഹ്വാനത്തോട് മൗനം പാലിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാൽ, കേരളസർക്കാരുമായി ചേർന്ന് സമരം സാദ്ധ്യമല്ലെന്ന് കെ. മുരളീധരൻ എം.പി.

അയ്യങ്കാളിഹാളിൽ നടന്ന കെ. കരുണാകരൻ അനുസ്മരണച്ചടങ്ങിലാണ് സംയുക്തസമര വിഷയത്തിലെ കോൺഗ്രസിലെ ഭിന്നനിലപാടിന്റെ സൂചനകൾ ഇരുനേതാക്കളിൽ നിന്നുമുണ്ടായത്.

മുന്നണിരാഷ്ട്രീയത്തിൽ നമ്മുടെ അഭിപ്രായങ്ങളിൽ മാത്രം ഉറച്ചുനിന്ന് പോകാനാകില്ലെന്നും ഏറ്റെടുക്കുന്ന ദൗത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ യോജിപ്പിന്റെ മേഖലകൾ കണ്ടെത്തേണ്ടി വരുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് പറഞ്ഞു. അത് വ്യക്തിത്വത്തിന്റെ ദൗർബല്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേന്ദ്രത്തിൽ ഒന്നിച്ച് സമരം ചെയ്യുമെങ്കിലും കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ അത് സാദ്ധ്യമല്ലെന്ന് മുരളീധരൻ പറഞ്ഞു.പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ സമരം ചെയ്യുന്നവരെ പൊതുമുതൽ നശീകരണത്തിന്റെ പേരിൽ അകത്താക്കുന്നു. അമ്പത്തിയൊന്ന് പാർട്ടിപ്രവർത്തകരെയാണ് ജയിലിലടച്ചത്. മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് പിണറായിസർക്കാരിന്റേത് എന്ന് അദ്ധ്യക്ഷത വഹിച്ച കെ. മുരളീധരൻ കുറ്റപ്പെടുത്തി.

കരുണാകരനെ അനുസ്മരിക്കുന്ന ചടങ്ങിൽ വിവാദകാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഇന്ന് വാർത്താസമ്മേളനത്തിൽ പറയാമെന്നും പറഞ്ഞ് ഇതേച്ചൊല്ലി കോൺഗ്രസിലുടലെടുത്ത തർക്കത്തിലേക്ക് കടക്കാതെ രമേശ് ചെന്നിത്തല ഒഴിഞ്ഞുമാറി.

പ്രായോഗികതയുടെ ആൾരൂപമായിരുന്നു കരുണാകരനെന്നും കേരളരാഷ്ട്രീയത്തെ പരീക്ഷണശാലയായി കാണുമ്പോൾ അതിനെ ഏറ്റവും ഫലപ്രദമായി കൊണ്ടുയ നേതാവാണദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു.

അയോദ്ധ്യകേസിൽ അലഹബാദ് ഹൈക്കോടതിയുടെ വിധിയായിരുന്നു ശരിയെന്ന് വിശ്വസിക്കുന്നയാളാണ് താൻ. ബാബ്‌റി മസ്ജിദ് പൊളിച്ചത് ക്രിമിനൽകുറ്റമാണെന്ന് പറഞ്ഞ സുപ്രീംകോടതി എന്തുകൊണ്ടാണ് ആ കുറ്റം ചെയ്തയാളുകൾക്കെതിരായ കേസുകൾ വേഗത്തിൽ തീർക്കുന്നില്ല? മോദിസർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന വലിയ അജൻഡയിലെ നാലാമത്തെ കണ്ണിയാണ് പൗരത്വഭേദഗതിനിയമമെന്നും ചെന്നിത്തല പറഞ്ഞു.

അയ്യങ്കാളിഹാളിൽ നടന്ന ചടങ്ങിൽ പ്രസംഗിച്ചപ്പോൾ പൗരത്വ നിയമത്തിനെതിരെയുള്ള സംയുക്ത സമരത്തെക്കുറിച്ച് വി.എം. സുധീരൻ ഒന്നും പറഞ്ഞില്ലെങ്കിലും രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സി.പി.എമ്മുമായി ഒരുമിച്ചുള്ള സമരത്തെ സുധീരൻ തള്ളി.മോദി കേന്ദ്രത്തിൽ നടപ്പാക്കുന്ന അതേ നയം മറ്റൊരുതരത്തിൽ നടപ്പാക്കുന്ന പിണറായി വിജയന്റെ നിലപാടിനോട് എങ്ങനെ യോജിക്കാനാകുമെന്ന് സുധീരൻ ചോദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തുന്നവരുമായി എങ്ങനെ സഹകരിക്കാനാകുമെന്നും സുധീരൻ ചോദിച്ചു.

കരുണാകരൻ അനുസ്മരണ ചടങ്ങിൽഎം.എം.ഹസ്സൻ, ശശിതരൂർ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, എൻ. പീതാംബരക്കുറുപ്പ്, ടി. ശരത്ചന്ദ്രപ്രസാദ്, കെ. മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ, ഇബ്രാഹിംകുട്ടി കല്ലാർ, മണക്കാട് സുരേഷ്, ജി. രതികുമാർ, കെ. മഹേശ്വരൻനായർ തുടങ്ങിയവരും സംസാരിച്ചു.