തിരുവനന്തപുരം: കൊലക്കേസ് വിചാരണയ്ക്ക് സാക്ഷികൾ ഹാജരാകാതെ വിചാരണ മുടങ്ങിയതിൽ അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിച്ച് കോടതി. സാക്ഷികൾ എത്താത്തതിന്റെ കാരണം ബോധിപ്പിക്കാനായി 26 ന് കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശം നൽകി. ആറാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥനായ മുൻ വെള്ളറട സി.എെ ജെ.മോഹൻദാസ് വിചാരണയുമായി സഹകരിക്കുന്നില്ലെന്നും സാക്ഷികൾക്ക് കൃത്യമായി സമൻസ് വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്നതായും പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ കോടതിയെ അറിയിച്ചു. 2012 ജനുവരി 9നാണ് വെള്ളറട ആറാട്ടുകുഴി സ്വദേശി പ്രവീൺകുമാർ കുത്തേറ്റ് മരിച്ചത്. വെള്ളറട സ്വദേശികളായ വിജയൻ,ലൗവിൻ എന്നിവരാണ് കേസിലെ പ്രതികൾ. വിജയൻ നടത്തിവന്ന അനധികൃത മണൽ കടത്തലിനെ സംബന്ധിച്ച് പൊലീസിന് വിവരം ചോർത്തി നൽകി എന്നാരോപിച്ചാണ് പ്രതികൾ പ്രവീൺ കുമാറിനെയും അമ്മാവൻ ബിനു കുമാറിനെയും ആക്രമിച്ചത്. പ്രതികൾ ബിനു കുമാറിനെ കുത്തുന്നതു കണ്ട് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രവീണിന് കുത്തേറ്റത്. ആശുപത്രിയിലേക്ക് പോകും വഴിയാണ് പ്രവീൺ മരിച്ചത്. കേസ് വിചാരണ ആരംഭിച്ചപ്പോൾ തന്നെ ബിനു കുമാർ പ്രതികൾക്ക് അനുകൂലമായി മൊഴി നൽകി. മറ്റു മൂന്നുപേരുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ഇവരെ ഹാജരാക്കുന്നതിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തുകയും വിചാരണ മുടങ്ങുകയും ചെയ്തത്.