തിരുവനന്തപുരം: സാക്ഷരതാ പ്രേരക്മാർക്ക് പ്രഖ്യാപിച്ച വേതനം വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കുക, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വേതനം ഉടൻ നൽകുക, സർക്കാർ പ്രഖ്യാപിച്ച മിനിമം വേതന വ്യവസ്ഥ പ്രേരക്മാർക്ക് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ സാക്ഷരതാ പ്രവർത്തക യൂണിയൻ സെക്രട്ടേറിയറ്റ് ധർണ നടത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 2017ൽ ഏപ്രിൽ മുതൽ പ്രേരക്മാരുടെ അക്കൗണ്ടിലേക്കു സാക്ഷരതാ മിഷൻ നേരിട്ട് വേതനം നൽകുന്ന സംവിധാനം നടപ്പിലാക്കിയതോടെ ശമ്പളം ലഭിക്കാത്ത സ്ഥിതിയായതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വടക്കെവിള ശശി അദ്ധ്യക്ഷനായി. ശശിതരൂർ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ്,​ ശശികുമാർ ചേളന്നൂർ, ഓർഗനൈസിംഗ് സെക്രട്ടറി ഒ. മോഹൻദാസ്, കെ.ബി. ഷീല, അഷറഫ് മണ്ണാറമല തുടങ്ങിയവർ സംസാരിച്ചു.