construction
photo

തിരുവനന്തപുരം: കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ്‌ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു. ബോർഡിൽ സജീവാംഗത്വമുള്ള തൊഴിലാളികളുടെ സാധാരണ മരണസഹായം 25,​000 രൂപയിൽ നിന്നും 50,​000 ആയും അപകടമരണ ധനസഹായം മൂന്ന് ലക്ഷത്തിൽ നിന്ന് നാല് ലക്ഷമായും ഉയർത്തി. ഇതിന് ജനുവരി മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്ന് ബോർഡ്‌ ചെയർമാൻ കെ.വി. ജോസ്,​ സെക്രട്ടറി ബിജു,,​ കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാൻസർ രോഗ ചികിത്സാ ധനസഹായം 50,​000ൽ നിന്ന് ഒരു ലക്ഷമായും പെൻഷനറുടെ മരണാനന്തര ചെലവുകൾക്കുള്ള ധനസഹായം 2000ൽ നിന്ന് 3000 രൂപയായും വർദ്ധിപ്പിച്ചു. അംഗതൊഴിലാളികളുടെ മരണാനന്തര ചെലവുകൾക്കുള്ളക്ക്‌ 4000 രൂപ ധനസഹായം നൽകും. ചികിത്സാ സഹായമായി സജീവ തൊഴിലാളിയ്‌ക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ആദ്യത്തെ അഞ്ച് ദിവസത്തേയ്‌ക്ക്‌ നൽകുന്ന ധനസഹായം 800 രൂപയാക്കി. ചികിത്സാ സഹായമായി നൽകുന്ന 5000 രൂപ കൂടാതെയാണിത്‌. അപകട ചികിത്സാ സഹായമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ ആദ്യത്തെ അഞ്ച് ദിവസത്തേയ്‌ക്ക്‌ നൽകുന്ന ധനസഹായം 750ൽ നിന്നും 1500 ആയും , തുടർന്നുള്ള ദിവസങ്ങളിൽ പ്രതിദിന ധനസഹായം 100 രൂപയിൽ നിന്ന് 200 ആയും വർധിപ്പിച്ചു. അപകട ചികിത്സാസഹായമായി നൽകുന്ന 20,​000 രൂപ കൂടാതെയാണിത്‌. കണ്ണ്‌ ഓപ്പറേഷൻ, ചിക്കൻപോക്‌സ്‌, പേപ്പട്ടി വിഷബാധ, പാമ്പുകടി തുടങ്ങിയവയ്‌ക്കുള്ള ധനസഹായം 4000 രൂപയാക്കി. സെസ് ഏർപ്പെടുത്തിയതിന് ശേഷം ഇതുവരെ 12,​000 കോടി ബോർഡിന് പിരിഞ്ഞു കിട്ടാനുണ്ട്. . നിലവിലെ കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡിന്റെ കാലാവധി ജനുവരി അഞ്ചിന്‌ അവസാനിക്കും. .