camera

മലയിൻകീഴ്: മാറനല്ലൂർ-പുന്നാവൂർ റോഡ് ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി.കാമറയും വയറും നശിപ്പിച്ചതായി പരാതി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ.ഭാസുരാംഗന്റെ നേതൃത്വത്തിൽ 2014ലാണ് മാറനല്ലൂർ ഡെവലപ്പ്മെന്റ് അസോസിയേഷൻ മാറനല്ലൂരിലും പരിസര പ്രദേശങ്ങളിലും സി.സി ടിവി കാമറകൾ സ്ഥാപിച്ചത്. വ്യാപാരി വ്യവസായികൾ,വിവിധ സന്നദ്ധസംഘടനകൾ എന്നിവരിൽ നിന്നു സ്വരൂപിച്ച തുക ഉപയോഗിച്ചാണ് കാമറ സ്ഥാപിച്ചത്. കാമറകളുടെ സർവർ ഉൾപ്പെടെയുള്ള കൺട്രോൾ യൂണിറ്റ് മാറനല്ലൂർ പൊലീസ് സ്‌റ്റേഷനിലാണ് സ്ഥാപിച്ചിരുന്നത്. മാറനല്ലൂർ പൊലീസ് സ്‌റ്റേഷൻ പുതിയ മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചെങ്കിലും കാമറയുടെ പ്രവർത്തനം പുനഃസ്ഥാപിച്ചിരുന്നില്ല.പുതിയ മന്ദിരത്തിലേക്ക് കാമറ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അസോസിയേഷൻ ഭാരവാഹികൾ ഫണ്ട് സ്വരൂപിക്കുകയും കഴിഞ്ഞ രണ്ട് ദിവസമായി കാമറകളുടെ നവീകരണ പ്രവർത്തനം നടക്കുകയുമായിരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.