തിരുവനന്തപുരം: ഇരുട്ടിനോടു പൊരുതാൻ വെളിച്ചത്തിനേ കഴിയൂവെന്ന് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം സ്വീകരിച്ച് പ്രമുഖ സാഹിത്യകാരൻ ആനന്ദ് പറഞ്ഞു. ഇരുട്ടിന് ദിശയില്ല. അത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഇതുമാത്രമാണ് ഓർമ്മിപ്പിക്കാനുള്ളത്.
സംസ്‌കാരത്തിന്റെ യാത്രയ്ക്ക് സമാന്തരമായി പ്രതിസംസ്‌കാരം സഞ്ചരിക്കുന്നുണ്ട്. സംസ്‌കാരം സൃഷ്ടിക്കുന്ന മൂല്യങ്ങളെ അത് ഇല്ലാതാക്കുന്നു. സംസ്‌കാരത്തെ പിടിച്ചെഴുന്നേൽപ്പിക്കാൻ മൂല്യങ്ങളുടെ സൃഷ്ടിയുണ്ടാകണം. പുതിയ വിത്തും വിളകളുമിറക്കേണ്ട ഭൂമിയെ പ്രതിസംസ്‌കാരം തരിശാക്കുന്നു. ലോകമെമ്പാടും ഇത് സംഭവിക്കുന്നുണ്ട്. മൂല്യങ്ങളെ സംരക്ഷിക്കുക മാത്രമല്ല, മൂല്യ സൃഷ്ടിയെ ജീവിപ്പിച്ചു നിറുത്തേണ്ടതും നമ്മുടെ കർത്തവ്യമാണ്.
ജനാധിപത്യ വ്യവസ്ഥയിൽ പ്രധാന നടന്മാരാകുന്നത് രാഷ്ട്രീയ പ്രവർത്തകരാണ്. സംഘടിത കക്ഷികളിൽ ചുമതലയെപ്പറ്റി ബോധവാന്മാർ എത്രപേരുണ്ട്?. പലർക്കും അവരുടെ ജോലി എന്തെന്നു വ്യക്തമല്ല. വേറേ ചിലർ തട്ടിൽ അങ്കം വെട്ടുന്ന ചേകവന്മാരാണ്. ജനാധിപത്യ വ്യവസ്ഥയിലുള്ള ഭരണകൂടങ്ങൾ സംസ്‌കാരത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നത് സാംസ്‌കാരിക വകുപ്പുണ്ടാക്കിയാണ്. സംസ്‌കാരം ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റാണോ അതോ ഗവൺമെന്റ് സംസ്‌കാരത്തിന്റെ ഡിപ്പാർട്ട്‌മെന്റാണോ?. നവോത്ഥാനം തുടർച്ചയായി സംഭവിക്കേണ്ടതാണ്. വീഴ്ച വരുമ്പോഴെല്ലാം പിടിച്ചെഴുന്നേൽപ്പിക്കേണ്ടതാണ് അതെന്നും ആനന്ദ് പറഞ്ഞു.