keerikkadan
photo

തിരുവനന്തപുരം: നടൻ കീരിക്കാടൻ ജോസ് എന്ന മോഹൻരാജ് അവശനിലയിൽ ആശുപത്രിയിലാണെന്നും, ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടന്നുവെന്നും ദൃശ്യങ്ങൾ സഹിതം വാട്സ്ആപ്പിൽ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കുടുംബം നിയമനടപടിക്ക്. അതിൽ, മോഹൻരാജ് ജനറൽ ആശുപത്രിയിലാണെന്ന ഭാഗം മാത്രമെ സത്യമുള്ളൂ. പ്രമേഹത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മോഹൻരാജ്. ജനറൽ ആശുപത്രിയിലെ ഡോ. ശോഭ കുടുംബ സുഹൃത്തായതിനാലാണ് ഇവിടേക്ക് വന്നതെന്നും, എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ആയി വിരമിച്ച അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളില്ലെന്നും സഹോദരൻ പ്രേംലാൽ അറിയിച്ചു.

കാലിൽ ബാൻഡേജ് ഇട്ട്, നിൽക്കാൻ ബുദ്ധിമുട്ടു തോന്നിക്കുന്ന വിധത്തിലുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയാണ് ഇന്നലെ സമൂഹ മാദ്ധ്യമങ്ങളിൽ കീരിക്കാടൻ ജോസിനെക്കുറിച്ച് വാർത്ത പ്രചരിച്ചത്. സിനിമാ പ്രവർത്തകർ സഹായമെത്തിക്കണമെന്നും വാർത്ത പരമാവധി ഷെയർ ചെയ്യണമെന്നും ആയിരുന്നു സന്ദേശം. വാർത്ത പ്രചരിച്ചതോടെയാണ് ജനറൽ ആശുപത്രിയിൽ മോഹൻ രാജിനൊപ്പമുള്ള സഹോദരൻ പ്രേംലാൽ വിവരമറിഞ്ഞത്. സന്ദേശം സത്യമാണോ എന്നറിയാൻ നിരവധി മാദ്ധ്യമ പ്രവർത്തകർ ആശുപത്രിയിൽ എത്തിയിരുന്നു.

പ്രമേഹം കാരണം കാലിൽ നേരത്തെ തന്നെ മുറിവുണ്ടായിരുന്ന മോഹൻരാജ് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. 'ചിറകൊടിഞ്ഞ കിനാക്കൾ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിടെ മുറിവിൽ വേദനയും അണുബാധയും കലശലായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോ. ശോഭ കുടുംബസുഹൃത്തായിരുന്നതിനാൽ ചികിത്സ ഇവിടെയാക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര മാസമായി മോഹൻരാജ് ഇവിടത്തെ ചികിത്സയിലാണ്. ഉയർന്ന പദവിയിൽ നിന്ന് വിരമിച്ച മോഹരാജിന്റെ ഭാര്യ ബാങ്ക് മാനേജരാണ്. ചെന്നൈയിലും തിരുവനന്തപുരത്തും ഫ്ളാറ്റുകളും വീടുകളുമുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്- സഹോദരൻ പ്രേംലാൽ പറഞ്ഞു.

കെ. മധു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ 'മൂന്നാംമുറ'യിലൂടെ സിനിമയിലെത്തിയ മോഹൻരാജിന്റെ രണ്ടാമത് സിനിമയായിരുന്നു 'കിരീടം.' അതിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിനു ശേഷം, ആ പേരിലാണ് അറിയപ്പെടുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചു. ഇപ്പോഴും അഭിനയരംഗത്ത് സജീവമായി തുടരുമ്പോഴാണ് പ്രമേഹം കാരണം ചികിത്സ വേണ്ടിവന്നതെന്നും പ്രേംലാൽ പറഞ്ഞു.

..............................

മോഹൻരാജിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും. രോഗത്തെക്കുറിച്ച് വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. അദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല. ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുന്നുവെന്ന വാർത്ത തെറ്റാണ്.

- പ്രേംലാൽ

മോഹൻരാജിന്റെ സഹോദരൻ

ജോസിന് സഹായങ്ങൾ നൽകിയിരുന്നു. ആവശ്യമെങ്കിൽ ഇനിയും നൽകും - ഇടവേള ബാബു,​ അമ്മ ജനറൽ സെക്രട്ടറി