congress
congress

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ ജനുവരി 26ലെ മനുഷ്യച്ചങ്ങലയ്ക്ക് അഭിപ്രായഭിന്നത മാറ്റിവച്ച് 'എല്ലാവരെയും' സി.പി.എം ക്ഷണിച്ചെങ്കിലും കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുമോ എന്ന് കണ്ടറിയണം.കാരണം സി.പി.എമ്മുമായി ചേർന്ന് കോൺഗ്രസ് സമരത്തിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെയും കടുപ്പിച്ച് പറഞ്ഞിരിക്കുകയാണ്.നേരത്തേ ഇങ്ങനെ പറഞ്ഞതിനെ വിമർശിച്ച് വി.ഡി. സതീശൻ രംഗത്തുവന്നതിൽ പ്രകോപിതനായ മുല്ലപ്പള്ളി, ഇന്നലെപാർട്ടിനിലപാട് താനാണ് തീരുമാനിക്കേണ്ടതെന്ന് തീർത്തു പറഞ്ഞു. മുല്ലപ്പള്ളിക്ക് പിന്തുണയുമായി സംയുക്തസമരത്തെ തള്ളി വി.എം. സുധീരനും കെ. മുരളീധരനും രംഗത്ത് എത്തുകയും ചെയ്തു.

എന്നാൽ, പ്രതിപക്ഷനേതാവ് മുൻകൈയെടുത്ത് നടന്ന സംയുക്തപ്രക്ഷോഭത്തെ ചൊല്ലിയുയരുന്നത് അനാവശ്യവിവാദമാണെന്ന വികാരമാണ് പൊതുവെ ഐ ഗ്രൂപ്പിന്. പൗരത്വവിഷയത്തിൽ യോജിച്ച വികാരം പ്രകടമാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ സമരത്തെ മറ്റ് തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് അവരുടെ വാദം.മുല്ലപ്പള്ളി രാമചന്ദ്രനോട് ടെലഫോണിൽ സംസാരിച്ചപ്പോൾ സഭയിലെ കക്ഷിനേതാക്കളുടെ സത്യഗ്രഹമാണെന്നും അതിനാൽ പ്രസിഡന്റ് വരണമെന്നില്ലെന്നും പ്രതിപക്ഷനേതാവ് തന്നെയാണ് പറഞ്ഞത്. യു.ഡി.എഫ്-എൽ.ഡി.എഫ് സംയുക്തസമരമെന്ന നിലയ്ക്ക് താഴെതട്ടിലേക്ക് ഇത് കൊണ്ടുപോകേണ്ടെന്ന് അന്നുതന്നെ തീരുമാനിച്ച ശേഷമിപ്പോൾ അനാവശ്യതർക്കമുയരുന്നതിൽ പ്രതിപക്ഷനേതാവും അസ്വസ്ഥനാണ്.

ഉമ്മൻ ചാണ്ടിയടക്കമുള്ളവരുമായി കൂടിയാലോചിച്ചെടുത്ത സംയുക്തസമര തീരുമാനത്തെ സംശയകരമായി വ്യാഖ്യാനിച്ച് ആദ്യമെത്തിയത് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാനായിരുന്നു. പിന്നാലെ ഉമ്മൻ ചാണ്ടി തന്നെ ഇത്തരം എതിരഭിപ്രായങ്ങളെ തള്ളുകയുണ്ടായി. സംയുക്തസമരത്തിനിറങ്ങിയത് മലബാറിലടക്കം പാർട്ടിപ്രവർത്തകരെ മുറിവേല്പിച്ചുവെന്ന വികാരമാണ് മുല്ലപ്പള്ളിക്കും മറ്റും. ഷുഹൈബ്, കൃപേഷ്, ശരത്‌ലാൽ വധക്കേസുകളുടെ മുറിവ് മായാതെ കിടക്കുമ്പോൾ പ്രവർത്തകരിൽ അമർഷമുണ്ടാക്കുന്ന നില പാടില്ലായിരുന്നെന്നാണ് അവരുടെ വാദം. പൗരത്വവിഷയത്തിലെ സമരത്തിന് ടി. സിദ്ദിഖടക്കമുള്ള പ്രവർത്തകരെ ജയിലിലുമാക്കി.

ഐ ഗ്രൂപ്പും മുല്ലപ്പള്ളിയും തമ്മിലെ തർക്കമെന്ന നിലയിലേക്ക് വ്യാഖ്യാനങ്ങൾ വന്ന സ്ഥിതിക്ക് കാത്തിരുന്ന് കാണുകയെന്ന തന്ത്രത്തിലേക്ക് എ ഗ്രൂപ്പ് മാറിയിട്ടുണ്ട്. മുല്ലപ്പള്ളിയെ വിമർശിച്ചും ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും മുസ്ലിംലീഗിനെയും സ്വാഗതം ചെയ്തും സി.പി.എം കഴിഞ്ഞദിവസം ഇറക്കിയ പ്രസ്താവന, കോൺഗ്രസിനകത്തെ ഭിന്നത മനസ്സിലാക്കിത്തന്നെയാണ്. ആർ.എസ്.പിയും സി.എം.പിയും പോലുള്ള ചെറുകക്ഷികളുയർത്തിയ അതൃപ്തിയിൽ നിന്ന് കോൺഗ്രസിനകത്തെ ചേരിപ്പോരിന്റെ നിലയിലേക്ക് സമരവിവാദം മാറുമ്പോൾ ഇതിലൂടെ കിട്ടേണ്ട നേട്ടം ഇല്ലാതാകുമെന്ന ആശങ്ക വലതു മുന്നണിയിലെ മറ്റ് പ്രബലകക്ഷികളിലുമുണ്ടായിട്ടുണ്ട്.