തിരുവനന്തപുരം: അവതാരകയും മോഡലുമായ ജേജി ജോണിനെ (45) വീട്ടിലെ അടുക്കളയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കുറവൻകോണം ഹിൽഗാർഡനിലെ വീട്ടിൽ പ്രായമായ അമ്മയ്ക്കൊപ്പമായിരുന്നു താമസം. ജേജിയുടെ സുഹൃത്തായ ഡോക്ടർ ഇന്നലെ വൈകിട്ട് നാലരയോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്.
പൊലീസും ഫോറൻസിക് വിദഗദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഒപ്പമുണ്ടായിരുന്ന അമ്മ പരസ്‌പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാൽ സംഭവത്തെക്കുറിച്ച് വിശദവിരങ്ങൾ ശേഖരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തുമെന്ന് പേരൂർക്കട പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരിക്കും മരണം സംഭവിച്ചതെന്നാണ് നിഗമനം. ജേജിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് കൊച്ചിയിലുള്ള പുരുഷ സുഹൃത്ത് അറിയിച്ചതിനെ തുടർന്നാണ് ഇവരുടെ കുടുംബ സുഹൃത്തായ ഡോക്ടർ കുറവൻകോണത്തെ വീട്ടിലെത്തിയത്. വീട് അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാൽ പേരൂർക്കട പൊലീസിൽ വിവരം അറിയിച്ചു.
വാതിൽ പൊളിച്ചാണ് പൊലീസ് വീട്ടിൽ പ്രവേശിച്ചത്. മൃതദേഹത്തിൽ മുറിവോ മറ്റു ക്ഷതങ്ങളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര സ്വദേശിയായ ഇവർ വർഷങ്ങളായി കുറവൻകോണത്തെ വീട്ടിലാണ് താമസം. ഏഴു വർഷം മുമ്പ് വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ബന്ധുക്കളുമായോ അയൽവാസികളുമായോ അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. മോഡലിംഗ് രംഗത്ത് സജീവമായ ജേജി ജോൺ പാചക പരിപാടികളിലൂടെയും വീഡയോകളിലൂടെയും പ്രശസ്തയാണ്.കൗമുദി ടിവിയിൽ നേരത്തെ കോക്ടെയിൽ എന്ന പരിപാടിയുടെ അവതാരകയും ഷെഫ് മാസ്റ്റർ എന്ന കുക്കറി റിയാലിറ്റി ഷോയുടെ വിധികർത്താവും ആയിരുന്നിട്ടുണ്ട്.