sanju-samson
sanju samson

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി 20
യിൽ സഞ്ജു സാംസൺ ടീമിൽ

രോഹിതിനും ഷമിക്കും വിശ്രമം, ബുംറയും ധവാനും തിരിച്ചെത്തും

മുംബയ് : ഒന്നിൽപിഴച്ചാൽ മൂന്നെന്ന ചൊല്ല് അന്വർത്ഥമാക്കാൻ മലയാളിതാരം സഞ്ജു സാംസണിനെ തേടി തുടർച്ചയായ മൂന്നാം ട്വന്റി 20 പരമ്പരയിലും ഇന്ത്യൻ ടീമിനെ പ്രതിനിധകരിക്കാൻ അവസരം. ആദ്യ രണ്ട് പരമ്പരകളിലും വാട്ടർ ബോയ് വേഷം കെട്ടിയ സഞ്ജുവിന് ഇനിയെങ്കിലും കളിക്കളത്തിലിറങ്ങാൻ അവസരം നൽകുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് മാത്രം.

ശ്രീലങ്കയ്ക്കെതിരായി അടുത്തമാസം നടക്കുന്ന മൂന്ന് ട്വന്റി 20 പരമ്പരകളിൽ ബായ്ക്ക് അപ്പ് ഒാപ്പണറായാണ് സഞ്ജുവിന്റെ സ്ഥാനം. സ്ഥിരം ഒാപ്പണർ ശിഖർധവാൻ പരിക്കിൽനിന്ന് മോചിതനായി തിരിച്ചെത്തിയിട്ടുണ്ട്. മികച്ചഫോമിൽ കളിക്കുന്ന കെ.എൽ. രാഹുലും ഒാപ്പണറായി ടീമിലുണ്ട്. നിരന്തരം കളത്തിലിറങ്ങുന്ന സ്ഥിരം ഒാപ്പണർ രോഹിത് ശർമ്മ ലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ വിശ്രമം സ്വീകരിക്കാൻ തയ്യാറായതോടെയാണ് മൂന്നാം ഒാപ്പണറായെങ്കിലും സഞ്ജുവിനെത്തേടി അവസരമെത്തിയത്.

വിജയ് ഹസാരേ ട്രോഫിയിലെ ഇരട്ട സെഞ്ച്വറിയുടെയും ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അർദ്ധ സെഞ്ച്വറിയുടെയും മികവിലാണ് സഞ്ജുവിനെ നവംബറിൽ ബംഗ്ളാദേശിനെതിരായ മൂന്ന് ട്വന്റി 20 കളുടെ പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. 2015ൽ സിംബാബ്‌വെ പര്യടനത്തിൽ ഒരേയൊരു ട്വന്റി 20 കളിച്ച സഞ്ജുവിനെ നാലുവർഷത്തിനുശേഷമാണ് വീണ്ടും ടീമിലേക്ക് വിളിച്ചിരുന്നത്. എന്നാൽ ഇൗ പരമ്പരയിൽ പ്ളേയിംഗ് ഇലവനിൽ എത്തിയതേയില്ല. ഒാപ്പണർമാരായി രോഹിതും രാഹുലും കളിച്ചപ്പോൾ വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിന് തുടർച്ചയായി അവസരങ്ങൾ നൽകുകയായിരുന്നു. തുടർന്ന് വിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ ശിഖർ ധവാന് പരിക്കേറ്റതോടെ ഉൾപ്പെടുത്തി. പക്ഷേ തിരുവനന്തപുരത്ത് നടന്ന രണ്ടാം ട്വന്റി 20 യിൽ പകരക്കാരൻ ഫീൽഡറാകാൻ അല്ലാതെ കളത്തിലിറങ്ങാൻ സഞ്ജുവിന് അവസരം നൽകിയതേയില്ല. തുടർന്ന് വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെടുത്തുമെന്ന് കരുതിയെങ്കിലും മായാങ്ക് അഗർവാളിനാണ് നറുക്ക് വീണത്.

ബുംറ റിട്ടേൺസ്

വിൻഡീസ് പര്യടനത്തിന് ശേഷം പരിക്കുമൂലം വിട്ടുനിൽക്കുന്ന ജസ്‌പ്രീത് ബുംറ ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തും. ആസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലും ബുംറ കളിക്കുന്നുണ്ട്. വിശാഖപട്ടണത്ത് ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിനത്തിന് മുമ്പ് ഇന്ത്യൻ ടീമിനൊപ്പം പരിശലനം നടത്തിയ ബുംറയ്ക്ക് ഫിറ്റ്നെസ് ടെസ്റ്റ് നടത്താൻ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തയ്യാറാകാതിരുന്നത് വിവാദമായിരുന്നു. ബുംറ സ്വകാര്യ ചികിത്സ തേടിയതിനാലാണ് അക്കാഡമി ഡയറക്ടർ രാഹുൽ ദ്രാവിഡ് ഇൗ നിലപാട് സ്വീകരിച്ചത്.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ബുംറ രഞ്ജി ട്രോഫിയിൽ ഗുജറാത്തിന് വേണ്ടി കളിക്കുമെന്ന് ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദ് അറിയിച്ചിട്ടുണ്ട്. കേരളത്തിനെതിരായ മത്സരത്തിലാണ് ബുംറ കളിക്കുക. ശിഖർ ധവാനും ഇശാന്ത് ശർമ്മയും ഡൽഹിക്ക് വേണ്ടിയും രഞ്ജിയിൽ കളിക്കും.

ടീമുകൾ ഇങ്ങനെ

Vs ശ്രീലങ്ക (ട്വന്റി 20)

വിരാട് കൊഹ്‌ലി (ക്യാപ്ടൻ), ശിഖർ ധവാൻ, കെ.എൽ. രാഹുൽ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുംറ, നവ്ദീപ് സെയ്നി, ശാർദ്ദൂൽ താക്കൂർ, മനീഷ് പാണ്ഡെ, വാഷിംഗ്ടൺ സുന്ദർ.

Vs ആസ്ട്രേലിയ (ഏകദിനങ്ങൾ)

വിരാട് കൊഹ്‌ലി (ക്യാപ്ടൻ) രോഹിത് ശർമ്മ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് , കേദാർ യാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, നവ്ദീപ് സെയ്നി, ശാർദ്ദൂൽ താക്കൂർ, ജസ്‌പ്രീത് ബുംറ.

ഫിക്‌സ്‌ചർ

Vs ശ്രീലങ്ക

1. ജനുവരി 5

ഗോഹട്ടി

2. ജനുവരി 7

ഇൻഡോർ

3. ജനുവരി 10

പൂനെ

Vs ആസ്ട്രേലിയ

1.ജനുവരി 14

മുംബയ്

2. ജനുവരി 17

രാജ്കോട്ട്

3. ജനുവരി 19

ബംഗളൂരു

ഒടുവിൽ രോഹിതിന് വിശ്രമം

ഇൗവർഷം 47 മത്സരങ്ങളിലാണ് രോഹിത് ഇന്ത്യയെ പ്രതിനിധീകരിച്ചത്. സ്ഥിരം ക്യാപ്ടൻ കൊഹ്‌ലിയേക്കാൾ മൂന്ന് മത്സരങ്ങൾ കൂടുതൽ. മൂന്ന് ഫോർമാറ്റുകളിലും ഒാപ്പണറായ രോഹിതിന് വിശ്രമം നൽകണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും താരം അതിന് വഴങ്ങാതിരുന്നു. ഒടുവിൽ പുതുവർഷത്തിൽ മൂന്ന് ട്വന്റി 20 കളിൽനിന്ന് വിട്ടുനിൽക്കാൻ സമ്മതിക്കുകയായിരുന്നു.