തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പൗരത്വനിയമ ഭേദഗതിയെ പരസ്യമായി അനുകൂലിച്ചതിന്റെ പേരിൽ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കെ. കരുണാകരൻ അനുസ്മരണച്ചടങ്ങിൽ നിന്ന് കോൺഗ്രസ് നേതൃത്വം ഒഴിവാക്കി.
കെ. കരുണാകരൻ ഫൗണ്ടേഷനും കരുണാകരൻ സ്റ്റഡി സെന്ററും തിരുവനന്തപുരം ഡി.സി.സിയും സംയുക്തമായി അയ്യങ്കാളിഹാളിൽ ഇന്നലെ വൈകിട്ട് സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യാൻ ഗവർണറെയാണ് നേരത്തേ ക്ഷണിച്ചിരുന്നത്. എന്നാൽ, ഗവർണർ പങ്കെടുക്കേണ്ടതില്ലെന്ന് ചടങ്ങിന് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒാഫീസിൽ നിന്ന് രാജ്ഭവനെ അറിയിക്കുകയായിരുന്നു. താൻ പ്രതിപക്ഷനേതാവിനോട് ആവശ്യപ്പെട്ട പ്രകാരമാണ് ചടങ്ങിൽ നിന്ന് ഗവർണറെ ഒഴിവാക്കിയതെന്ന് അനുസ്മരണത്തിൽ ൽ അദ്ധ്യക്ഷത വഹിച്ച കെ. മുരളീധരൻ എം.പി വിശദീകരിച്ചു. . പൗരത്വ നിയമത്തെ പരസ്യമായി അനുകൂലിച്ച ഗവർണറുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ,കരുണാകരനെപ്പോലൊരു മതേതരനേതാവിനെ അനുസ്മരിക്കാൻ ഗവർണർക്ക് യോഗ്യതയില്ലെന്നും മുരളീധരൻ പറഞ്ഞു. ബംഗാൾ ഗവർണറോട് മമത ബാനർജി ചെയ്തത് പോലെ, നിങ്ങളുടെ പോക്ക് ശരിയല്ലെന്ന് പറയാൻ മുഖ്യമന്ത്രി പിണറായി വിജയനും തയ്യാറാകണം. ഗവർണറുടെ ഓഫീസ് മോദിയുടെ പബ്ലിക് റിലേഷൻസ് ഓഫീസായി മാറിയത് അംഗീകരിക്കാനാവില്ല. ഭരണത്തലവനെന്ന തലത്തിൽ നിന്ന് ഗവർണർ താഴോട്ട് പോയാൽ ചൂണ്ടിക്കാണിക്കേണ്ട ബാദ്ധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും മുരളി വ്യക്തമാക്കി.
അതേ സമയം,തന്നെ ക്ഷണിച്ച പ്രതിപക്ഷനേതാവിന്റെ ഓഫീസ് ഇന്നലെ വൈകിട്ട് നാലിന് താൻ ഒഴിവാകണമെന്ന് അഭ്യർത്ഥിച്ചത് ട്വിറ്ററിലൂടെ ഗവർണർ പരസ്യമാക്കി പ്രതിപക്ഷനേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി തന്റെ എ.ഡി.സിക്ക് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു. ചില അപ്രതീക്ഷിതസംഭവങ്ങളെ തുടർന്ന് , ഗവർണർ പങ്കെടുക്കുന്നത് ഉചിതമാവില്ലെന്ന് സംഘാടകർ അഭിപ്രായപ്പെട്ടെന്നാണ് കത്തിൽ.പറയുന്നത്. പൗരത്വ ഭേദഗതിനിയമത്തെ എതിർക്കുന്നവരെ ഗവർണർ രാജ്ഭവനിലേക്ക് സംവാദത്തിന് ക്ഷണിക്കുകയും ചെയ്തു. അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും നമ്മുടെ ജനാധിപത്യം നൽകുന്നുണ്ടെന്നും എതിരഭിപ്രായങ്ങളെ പുറന്തള്ളരുതെന്നും 'സി.എ.എ ചർച്ച ചെയ്യാം' എന്ന ഹാഷ് ടാഗിലൂടെ ഗവർണർ ട്വീറ്റ് ചെയ്തു.