തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുന്ന കേരള സ്‌കൂൾ പാർലമെന്റ് ഇന്ന് പഴയ നിയമസഭാ ഹാളിൽ നടക്കും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്‌മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷനാണ് (ഐ.എ.എം.ഇ) പാർലമെന്റ് സംഘടിപ്പിക്കുന്നത്. പൗരത്വ ബിൽ, ദേശീയ വിദ്യാഭ്യാസ പോളിസി, ഉന്നത വിദ്യാഭ്യാസം, പ്രകൃതിദുരന്തങ്ങൾ പോലുള്ള പ്രതിഭാസങ്ങൾ തുടങ്ങിയ ചൂടേറിയ ചർച്ചകൾക്ക് പഴയ നിയമസഭാ ഹാൾ ഇന്ന് സാക്ഷിയാകും. രാവിലെ 9ന് ആരംഭിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ ഡോ. കെ.ടി. ജലീൽ, കടകംപള്ളി സുരേന്ദ്രൻ, ഡോ. ശശി തരൂർ എം.പി, എം.എൽ.എമാരായ വി.ടി. ബൽറാം, ​എം. സ്വരാജ് എന്നിവർ പങ്കെടുക്കുമെന്ന് ഐ.എ.എം.ഇ എക്‌സിക്യൂട്ടീവ് ഡയറക്ടർ വി.പി.എം ഇസ്ഹാഖ്, ഹനീഫ് അസ്ഹരി, നോഡൽ ഓഫീസർ അർഷാദ് പള്ളിപ്പാത്ത്, കോഓർഡിനേറ്റർ മുഹമ്മദ് ദിൽഷാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.