1

വിൻഡീസിനെതിരായ പരമ്പരയിലെ അതിഗംഭീര പ്രകടനത്തോടെ ഐ.സി.സി ഏകദിന റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഒന്നാംസ്ഥാനത്ത് തുടരുന്നു. രോഹിത് ശർമ്മയാണ് രണ്ടാംസ്ഥാനത്ത്.

887

പോയിന്റുകളാണ് കൊഹ്‌ലിക്ക് ഉള്ളത്. രോഹിതിന് 873 റാങ്കിംഗ് പോയിന്റും

2442

റൺസ് 2019 ൽ മാത്രം നേടിയ രോഹിത് ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഒാപ്പണർ എന്ന 22 വർഷം പഴക്കമുള്ള സനത് ജയസൂര്യയുടെ റെക്കാഡ് (2387 റൺസ്) തകർത്തിരുന്നു.

10

വിൻഡീസിനെതിരെ തുടർച്ചയായ 10-ാം പരമ്പര വിജയമാണ് ഇന്ത്യ കട്ടക്കിൽ നേടിയത്. ഇതിൽ ആറെണ്ണം ഇന്ത്യയിലും നാലെണ്ണം വിൻഡീസിലും വച്ചാണ്.

പന്തിന് സ്പെഷ്യൽ കോച്ചിംഗ്

ഒടുവിൽ ഋഷഭ് പന്തിന്റെ വിക്കറ്റ് കീപ്പിംഗ് അത്ര മെച്ചമല്ലെന്ന് തുറന്ന് സമ്മതിച്ച് ചീഫ്സെലക്ടർ എം.എസ്.കെ. പ്രസാദ്. കഴിഞ്ഞ പരമ്പരകളിലെല്ലാം നിരവധി ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ പന്തിന് സ്കിൽ മെച്ചപ്പെടുത്താൻ പ്രത്യേക പരിശീലകനെ നൽകുമെന്ന് പ്രസാദ് പറഞ്ഞു. നേരത്തെ കിരൺ മോറെയ്ക്ക് കീഴിൽ പന്ത് വിദഗ്ദ്ധ പരിശീലനം നടത്തിയിരുന്നു. വിൻഡീസിനെതിരായ അവസാന ഏകദിനത്തിലും പന്ത് രണ്ടുനിസാര ക്യാച്ചുകൾ പാഴാക്കിയിരുന്നു.

ഇത്രയും സുന്ദരമായി 2019 അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ടീമിനും വ്യക്തിപരമായും ഏറെ സന്തോഷം നൽകിയ വർഷമാണിത്. പിന്തുണച്ച എല്ലാവർക്കും നന്ദി. ഇനിയുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ കാത്തിരിക്കുന്നു.

രോഹിത് ശർമ്മ

ലോകകപ്പിലെ അരമണിക്കൂർ ഒഴിച്ചാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മഹത്തായ നേട്ടങ്ങൾ കൈവരിക്കാൻകഴിഞ്ഞ വർഷമാണ് പടിയിറങ്ങുന്നത്. ഐ.സി.സി കിരീടത്തിനായി ഞാൻ പോരാട്ടം തുടരും.

വിരാട് കൊഹ്‌ലി

ധോണിയുടെ 15 വർഷങ്ങൾ

മുൻ നായകൻ മഹേന്ദ്ര സിംഗ്ധോണി ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചിട്ട് 15 വർഷം തികഞ്ഞു. 2004 ഡിസംബർ 23 ന് ബംഗ്ളാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ഇപ്പോൾ 38 വയസിലെത്തിയിരിക്കുന്ന ധോണ 2007 ലെ ട്വന്റി 20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടമണിയിച്ച നായകനാണ്. 90 ടെസ്റ്റുകളിലും 350 ഏകദിനങ്ങളിലും 98 ട്വന്റി 20 കളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ധോണി കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽനിന്ന് വിട്ടുനിൽക്കുകയാണ്.

ഇന്നലെ ശ്രീലങ്കയ്ക്കും ആസ്ട്രേലിയയ്ക്കും എതിരായ ടീമുകളെ പ്രഖ്യാപിച്ചപ്പോഴും ധോണി ഉണ്ടായിരുന്നില്ല. ജനുവരിയിൽ തുടരുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ധോണിയുണ്ടാകുമോ എന്ന ചോദ്യത്തിന് ചീഫ് സെലക്ടർ വ്യക്തമായ ഉത്തരം നൽകിയതുമില്ല.