chelsea

ലണ്ടൻ : തങ്ങളുടെ മുൻ പരിശീലകൻ ഹൊസെ മൗറീന്യോയെ ഒപ്പം കൂട്ടിയിരിക്കുന്ന ടോട്ടൻ ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ചെൽസി കീഴടക്കിയ മത്സരത്തിൽ കല്ലുകടിയായി ഗാലറിയിൽ നിന്നുള്ള വംശീയാധിക്ഷേപങ്ങൾ.

ടോട്ടൻ ഹാമിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ചെൽസി കളിക്കാർക്കെതിരെ നിരന്തരം ആക്ഷേപ മുദ്രാവാക്യങ്ങൾ ഉയരുകയായിരുന്നു. ഇതേതുടർന്ന് മത്സരത്തിന്റെ അനൗൺസർക്ക് മൂന്ന് തവണ കാണികൾക്ക് താക്കീത് നൽകേണ്ടിവന്നു. ടോട്ടൻ ഹാം താരം സൺ ഹ്യുംഗ് മിൻ ചുവപ്പുകാർഡ് കണ്ട് പുറത്തായതിന് പിന്നാലെയാണ് അധിക്ഷേപങ്ങൾ ഉയർന്നത്. സംഭവത്തെക്കുറിച്ച് ഇംഗ്ളീഷ് ഫുട്ബാൾ അസോസിയേഷൻ അന്വേഷണം തുടങ്ങി. മത്സരത്തിന്റെ 12-ാം മിനിട്ടിലും ആദ്യപകുതിയുടെ ഇൻജുറി ടൈമിലും വില്ലെയ്ൻ നേടിയ ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം.

ഇതോടെ ചെൽസിക്ക് 18 മത്സരങ്ങളിൽനിന്ന് 32 പോയിന്റായി. നാലാംസ്ഥാനത്താണ് ചെൽസി.

കഴിഞ്ഞരാത്രി നടന്ന മറ്റൊരു മത്സരത്തിൽ വാറ്റ്ഫോർഡ് 2-0 ത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി. 50-ാം മിനിട്ടിൽ സാറും 54-ാം മിനിട്ടിൽ ഡീനിയുമാണ് വാറ്റ് ഫോർഡിന്റെ ഗോളുകൾ നേടിയത്. ഗോളി ഡേവിഡ് ഡിഗിയയുടെ മണ്ടത്തരമാണ് യുണൈറ്റഡിനെ കുഴപ്പിച്ചത്.

അവസരം കളഞ്ഞ് റയൽ

മാഡ്രിഡ് : കഴിഞ്ഞ രാത്രി നടന്ന ലാലിഗ മത്സരത്തിൽ അത്‌ലറ്റിക്കോ ബിൽബാവോയോട് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ റയൽ മാഡ്രിഡ് പോയിന്റ് നിലയിൽ ബാഴ്സലോണയ്ക്ക് ഒപ്പമെത്താനുള്ള അവസരം തുലച്ചു. കഴിഞ്ഞദിവസം അലാവേസിനെ 4-1ന് തോൽപ്പിച്ച ബാഴ്സലോണയ്ക്ക് 18 മത്സരങ്ങളിൽനിന്ന് 39 പോയിന്റാണുള്ളത്. ഇന്നലത്തെ സമനിലയോടെ റയലിന് 18 കളികളിൽനിന്ന് 37 പോയിന്റായി.