തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ വൈകിട്ട് ആറേ കാലോടെയാണ് വടക്കേ നട വഴി അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഒന്നര മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചു.
സഹസ്രനാമാർച്ചന, ഭാഗ്യസൂക്തം, വേദമന്ത്രാർച്ചന എന്നീ വഴിപാടുകൾ പദ്മനാഭ സ്വാമിക്കും , ശത്രുദോഷ നിവാരണം, നരസിംഹ മന്ത്രപുഷ്പാർച്ചന എന്നിവ നരസിംഹമൂർത്തിക്കും നാരായണ സൂക്തം, സുദർശനപൂജ എന്നിവ ശ്രീകൃഷ്ണ പ്രതിഷ്ഠയിലും വഴിപാടായി നടത്തി. എല്ലാ നടകളിലും മാലയും നെയ്യും സമർപ്പിച്ചു. ഹനുമാൻ സ്വാമിക്ക് മുഴുക്കാപ്പ് പൂജയും നാരങ്ങാമാലയും സമർപ്പിച്ചു. ഒറ്റക്കൽ മണ്ഡപത്തിൽ നിറദീപം തെളിച്ചു. ശോഭാകരാന്തലജെ എം.പിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ , ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വി.രതീശൻ തുടങ്ങിയവർ യദിയൂരപ്പയെ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന്ശേഷം വടക്കേ നടവഴിയാണ് അദ്ദേഹം തിരിച്ചു പോയത്.