കേപ്‌ടൗൺ : ഇൗ മാസം തുടങ്ങുന്ന ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ വെർനോൺ ഫിലാൻഡർ അറിയിച്ചു. 34 കാരനായ ഫിലാൻഡർ 60 ടെസ്റ്റുകളിലും 30 ഏകദിനങ്ങളിലും ഏഴ് ട്വന്റി 20 കളിലും ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചു. 216 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
10 കൊല്ലത്തിന് ശേഷം പാക് വിജയം
കറാച്ചി : 10 കൊല്ലത്തിനുശേഷം സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് മത്സരത്തിലും പരമ്പരയിലും വിജയം നേടി പാകിസ്ഥാൻ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 263 റൺസിന് വിജയിച്ച പാകിസ്ഥാൻ രണ്ട് മത്സര പരമ്പര 1-0 ത്തിനാണ് സ്വന്തമാക്കിയത്.
കറാച്ചിയിൽ ആദ്യ ഇന്നിംഗ്സിൽ 191 റൺസിന് ആൾ ഒൗട്ടായ പാകിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ 555/3 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തതാണ് കളിയിൽ വഴിത്തിരിവായത്. ലങ്ക ആദ്യ ഇന്നിംഗ്സിൽ 271ന് ആൾ ഒൗട്ടായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 476 റൺസ് ലക്ഷ്യവുമായി ഇറങ്ങി 212 ന് ആൾ ഒൗട്ടായി. പരമ്പരയിൽ അരങ്ങേറ്റം കുറിച്ച പാക് ഒാപ്പണർ ആബിദ് അലി രണ്ട് മത്സരങ്ങളിലും സെഞ്ച്വറിയടിച്ച് മാൻ ഒഫ് ദ മാച്ചായി . രണ്ടാം ഇന്നിംഗ്സിൽ ആബിദ് അലി (174), ഷാൻ മസൂദ് (135), അസ്‌ഹർ അലി (118), ബാബർ അസം എന്നിങ്ങനെ നാലുപേരാണ് പാകിസ്ഥാന് വേണ്ടി സെഞ്ച്വറിയടിച്ചത്.