adoor

കിളിമാനൂർ: പൗരത്വ ഭേദഗതി ബില്ലിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഭിന്ന സ്വരമെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ജമാഅത്ത് ഐക്യവേദി കിളിമാനൂർ യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലാൻ ഒരു കൂട്ടരും കൊല്ലപ്പെടാൻ ഒരുകൂട്ടരുമെന്ന അവസ്ഥയിലേക്ക് രാജ്യം കൂപ്പുകുത്തുകയാണെന്ന് ബി. സത്യൻ എം.എൽ.എ പറഞ്ഞു. ബി.ജെ.പി സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ട് കഴിഞ്ഞെന്നും അതിന്റെ തെളിവാണ് ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യ പ്രഭാഷണം നടത്തിയ പാളയം ചീഫ് ഇമാം മൗലവി ഷുഹൈബ് വി.പി പറഞ്ഞു. ജമാഅത്ത് ഐക്യവേദി ചെയർമാൻ അബ്ദുൽ ഹക്കിം ഫൈസി അദ്ധ്യക്ഷത വഹിച്ചു. എ. അഹമ്മദ് കബീർ സ്വാഗതം പറഞ്ഞു. വർക്കല കഹാർ എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി ജയചന്ദ്രൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ. സുദർശനൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ, ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. നസീർ ഹുസൈൻ, സി.പി.ഐ പ്രതിനിധി ജി.എൽ അജീഷ്, കെ. രാജേന്ദ്രൻ, എ. ഇബ്രാഹിം കുട്ടി, പി. സൊണാൽജ്, എ.കെ. സാദിഖ്, എ. ഷിഹാബുദ്ദീൻ, മൻസൂർ മൗലവി, ഇർഷാദ് ബാഹവി, എ.കെ. ഗംഗാധര തിലകൻ, എ. മനാഫ് തുടങ്ങിയവർ സംസാരിച്ചു.