തിരുവനന്തപുരം: ബംഗളൂരുവിൽ നിന്നുള്ള ബസിൽ മയക്കുമരുന്നുകളുമായി എത്തിയ യുവാവിനെ തമ്പാനൂരിൽ നിന്ന് പിടികൂടി.
ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന ഡി.ജെ പാർട്ടികൾക്കുവേണ്ടി സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി എത്തിയ പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലെയിനിൽ രാധാ മന്ദിരത്തിൽ അപ്പു എന്ന അമൽ ആണ് അറസ്റ്റിലായത്. മാരക മയക്കുമരുന്നുകളിൽ പെട്ട രണ്ടു ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്നു കണ്ടെടുത്തു. കൂടാതെ 22 ഗ്രാം ഹാഷിഷ് ഓയിലും 500ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിൽ ലഹരി ഡി.ജെ പാർട്ടികൾ സംഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നതായും കണ്ടെത്തി. അമലിൽ നിന്ന് ലഹരി വാങ്ങിയിരുന്നവരുടെ സൂചനയും ലഭിച്ചിട്ടുണ്ട്. സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ് കുമാർ,എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ മുകേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഹരി കുമാർ, കൃഷ്ണരാജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, ജസീം, ജിതേഷ്, രാജേഷ്, ബിനു, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ലഹരി മരുന്ന് മഡിവാളയിൽ നിന്ന്
ബംഗളൂരുവിൽ മഡിവാളയിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് വാങ്ങിയിരുന്നത്. നൈജീരിയൻ സ്വദേശികളാണ് സിന്തറ്റിക്ക് മയക്കുമരുന്നായ എം.ഡി.എം.എ കൈമാറിയിരുന്നത്. ഗ്രാമിന് 5000 രൂപയാണ് വില ഈടാക്കിയിരുന്നത്. മഡിവാളയിൽ നിശ്ചിത സ്ഥലത്ത് എത്തുമ്പോൾ നൈജീരിയൻ സ്വദേശികൾ മയക്കുമരുന്ന് കൈമാറുകയാണ് പതിവ്. പഠനാവശ്യത്തിന് ബംഗളൂരുവിൽ പോയ അമൽ പിന്നീട് മയക്കുമരുന്ന് കച്ചവടത്തിൽ പങ്കാളിയാവുകയായിരുന്നു. ഏറെക്കാലമായി ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.