108-delivery

നെടുമങ്ങാട് : ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ കാറിനുള്ളിൽ യുവതി പ്രസവിച്ചു. നെടുമങ്ങാട് പരുത്തികുഴി കുന്നുംപുറത്ത് വീട്ടിൽ ശ്രീജിത്തിന്റെ ഭാര്യ നിമിഷയാണ് (24) കാറിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. നിമിഷയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ കാറിൽ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയിൽ 108 ആംബുലൻസിന്റെ സേവനവും ഇവർ തേടി. എന്നാൽ കാർ അരകിലോമീറ്റർ പിന്നിട്ടപ്പോഴേക്കും നിമിഷയുടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയായി. ഇതിനിടെ കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച സന്ദേശമനുസരിച്ച് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസിലെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ പ്രതീഷിന്റെ പരിശോധനയിൽ നിമിഷയെ കാറിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്ന് കണ്ടെത്തി. തുടർന്ന് കാറിനുള്ളിൽ തന്നെ നിമിഷയുടെ പ്രസവം എടുക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റിയ അമ്മയെയും കുഞ്ഞിനെയും ആംബുലൻസ് പൈലറ്റ് അഭിലാഷ് ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയ്ക്കും കുഞ്ഞിനും യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.