തിരുവനന്തപുരം: നഗരത്തിലെ സ്ഥിരം പൈപ്പ് പൊട്ടൽ മേഖലയായ അമ്പലമുക്കിൽ ഇന്നലെ വീണ്ടും പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെട്ടു. പേരൂർക്കട - അമ്പലമുക്ക് റോഡിൽ പള്ളിക്ക് 100 മീറ്റർ മാറി കടന്നുപോകുന്ന 700 എം.എം പ്രിമോ പൈപ്പാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ പൊട്ടിയത്. വെള്ളം ശക്തമായി കുത്തിയൊലിച്ചതോടെയാണ് പൈപ്പ് പൊട്ടിയത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വെള്ളം റോഡിലേക്കും നടപ്പാതയിലേക്കും കുത്തിയൊഴുകിയതോടെ ഗതാഗതവും തടസപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാൽവുകൾ അടച്ച് ജലപ്രവാഹം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇപ്പോൾ പൈപ്പ് പൊട്ടിയതിന് സമീപത്തുകൂടി 900 എം.എം പ്രിമോ പൈപ്പും കടന്നുപോകുന്നുണ്ട്. ജലപ്രവാഹം നിലയ്ക്കാത്തതിനാൽ ഈ പൈപ്പാണ് പൊട്ടിയതെന്ന സംശയവും ഉയർന്നിട്ടുണ്ട്. ജെ.സി.ബിയുടെ സഹായത്തോടെ റോഡ് കുഴിച്ചുള്ള അറ്റകുറ്റപ്പണികൾ വാട്ടർ അതോറിട്ടി തുടങ്ങി. അമ്പലമുക്ക് ഭാഗത്തെ ചില കിണറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ നേരത്തെതന്നെ ഈ ഭാഗത്ത് പൈപ്പിൽ ചോർച്ചയുണ്ടായിരുന്നെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഈ പൈപ്പുകൾ പലതും കാലപ്പഴക്കം ചെന്നവയാണ്. കുറച്ചുദിവസം മുമ്പ് അമ്പലമുക്ക് പള്ളിക്ക് മുമ്പിലെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു.
ഗതാഗതം തടസപ്പെട്ടു
------------------------------------------------------------------
പൈപ്പ് പൊട്ടിയതോടെ തിരുവനന്തപുരം - ചെങ്കോട്ട സംസ്ഥാനപാതയിൽ ഗതാഗതം തടസപ്പെട്ടു. പേരൂർക്കട പൊലീസും ട്രാഫിക് പൊലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പേരൂർക്കട ഭാഗത്തുനിന്നും കവടിയാർ ഭാഗത്തേക്ക് പോകാനുള്ള വലിയ വാഹനങ്ങളെ പൈപ്പിൻമൂട് വഴി തിരിച്ചുവിട്ടു. അമ്പലംമുക്ക് - പേരൂർക്കട റോഡിലൂടെ ഇരുഭാഗത്തേക്കും ചെറുവാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
ജലവിതരണം മുടങ്ങും
--------------------------------------------------------------------
പൈപ്പ്ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പേരൂർക്കട, അമ്പലമുക്ക്, കവടിയാർ, വെള്ളയമ്പലം, കനകനഗർ, ജവഹർ നഗർ, നന്ദൻകോട്, കുറവൻകോണം, മരപ്പാലം, വയലിക്കട, ചൂഴമ്പാല, മടത്തുനട, നാലാഞ്ചിറ, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം, ചാലക്കുഴി, ഉള്ളൂർ, പട്ടം, മുറിഞ്ഞപാലം, കുമാരപുരം എന്നീ സ്ഥലങ്ങളിൽ ഇന്ന് രാത്രി വരെ ജലവിതരണം മുടങ്ങും. കഴക്കൂട്ടം മേഖലയിലും ജലവിതരണം തടസപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് വാട്ടർഅതോറിട്ടി അറിയിച്ചു. കുടിവെള്ളം മുടങ്ങുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കാൻ നഗരസഭയും ജലഅതോറിട്ടിയും നടപടികളെടുത്തു.