തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ കർണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് രണ്ടിടത്ത് യദിയൂരപ്പയുടെ വാഹനത്തിന് നേരെ കരിങ്കോടി കാണിച്ചത്. 17ഓളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌തു നീക്കി. വൈകിട്ട് നാലരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. പദ്മനാഭസ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചത്. ആദ്യ പ്രതിഷേധം തമ്പാനൂർ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു. പിന്നീട് അദ്ദേഹം താമസിക്കുന്ന ഹോട്ടൽ ഹൈസിന്തിന് മുന്നിലെത്തിയ പ്രവർത്തകർ വാഹനം തടസപ്പെടുത്തി കരിങ്കൊടി കാണിച്ചു. അറസ്റ്റുചെയ്‌ത പ്രവർത്തകരെ എ.ആർ ക്യാമ്പിലേക്ക് മാറ്റി. പ്രതിഷേധത്തിന് ശേഷം അരിസ്റ്റോ ജംഗ്ഷന് സമീപത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ഏതാനും പ്രവർത്തകരെ അറസ്റ്റുചെയ്യാൻ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. കർണാടക മുഖ്യമന്ത്രിക്കായി കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. കെ.എസ്.യു നേതാക്കളായ സെയ്ദലി കായ്പ്പാടി, റിങ്കു പടിപ്പുരയിൽ, ബാഹുൽ കൃഷ്ണ, സുഹൈൽ, അൻസാരി, യദുകൃഷ്ണൻ, മനീഷ്, ആദേഷ്, എസ്.എം. സുജിത്ത്, ഷാഹിദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.