കോവളം: വെങ്ങാനൂർ ചരുവിളയിൽ കെ.എസ്.ഇ.ബി ടവർ സ്ഥാപിക്കുന്നതിനു മുന്നോടിയായി കുഴിയെടുക്കാനുള്ള ശ്രമം പ്രദേശവാസികൾ തടഞ്ഞു. ഒരു മുന്നറിയിപ്പുമില്ലാതെ മണ്ണുമാന്തി യന്ത്രവുമായി എത്തിയ കരാറുകാരൻ കുഴി
എടുക്കാൻ തുടങ്ങിയപ്പോഴാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ സംഘടിച്ച് രംഗത്തെത്തി. വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള വൈദ്യുതി എത്തിക്കുന്നതിനാണ് കൂറ്റൻടവറുകൾ സ്ഥാപിക്കുന്നത്. ഇപ്പോൾ ടവർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിരവധി വീടുകൾ ഉള്ളതാണ്. സമീപത്ത് ആൾപാർപ്പില്ലാത്ത സ്ഥലമുണ്ടായിരുന്നിട്ടും ജനവാസ മേഖലയായ ചാരുവിളയിലൂടെ ഈ ലൈൻ കൊണ്ടു പോകുന്നതിനെതിരെ മുമ്പും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ജനകീയസമിതി രൂപീകരിക്കുകയും ഹൈക്കോടതിയിൽ കേസ് നടക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. ഇതിനിടയിലാണ് കരാറുകാരൻ വീണ്ടും നിർമ്മാണം തുടങ്ങാൻ ശ്രമിച്ചത്. തർക്കത്തെ തുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസും കെ.എസ്.ഇ.ബി പ്രോജക്ട് എൻജിനിയർ സനൽകുമാറും നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളിൽ ഉടൻ പരിഹാരം കാണുമെന്ന് രേഖാമൂലം എഴുതി നൽകാമെന്ന് ഉറപ്പു നൽകി. ഇതേ തുടർന്ന് പ്രദേശവാസികൾ പിരിഞ്ഞു പോയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.