തിരുവനന്തപുരം: അവതാരകയും മോഡലുമായ ജേജി ജോണിന്റെ(45) മരണം കാൽ വഴുതി വീണതിനെതുടർന്നുണ്ടായതാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്കിടെ ജേജിയുടെ തലയുടെ പിന്നിൽ കാണപ്പെട്ട മുറിവും മുറിയിൽ ചെരിപ്പ് വഴുതിയ ലക്ഷണവുമാണ് ഇങ്ങനെയൊരു നിഗമനത്തിലെത്താൻ ഇടയാക്കിയത്. വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. വീട്ടിനുള്ളിൽ പുറത്ത് നിന്നാരുടെയെങ്കിലും സാന്നിദ്ധ്യമുണ്ടായിരുന്നതിന്റെ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.
എന്നാൽ പ്രായാധിക്യമുള്ള ജേജിയുടെ അമ്മ പരസ്പര വിരുദ്ധമായാണ് പൊലീസിന്റെയും ബന്ധുക്കളുടെയും ചോദ്യങ്ങളോട് പ്രതികരിക്കുന്നത്. ഓർമ്മക്കുറവുള്ളതിനാൽ അമ്മയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫോറൻസിക് വിദഗ്ദ്ധർ രാവിലെ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്. ജേജിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നുമില്ലെന്നാണ് വീട്ടുകാരും അടുത്ത സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞത്. മുറിക്കുള്ളിൽ പൊലീസ് നടത്തിയ പരിശോധനയിലും ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്താനായില്ല. ജേജിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണമെന്തെന്ന് കൃത്യമായി അറിയാൻ കഴിയൂ.
ഞായറാഴ്ച ഉച്ചയ്ക്കുശേഷമായിരിക്കാം മരണം സംഭവിച്ചതെന്നാണ് നിഗമനം. ജേജിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് കൊച്ചിയിലുള്ള പുരുഷ സുഹൃത്ത് അറിയിച്ചതിനെതുടർന്ന് കുടുംബ സുഹൃത്തായ ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഡോക്ടർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് വാതിൽ പൊളിച്ചാണ് അകത്ത് കടന്നത്. കൊട്ടാരക്കര സ്വദേശിയായ ഇവർ വർഷങ്ങളായി കുറവൻകോണത്തെ വീട്ടിലാണ് താമസം. ഏഴുവർഷം മുമ്പ് വിവാഹ ബന്ധം വേർപിരിഞ്ഞിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായ ജേജി ജോൺ പാചക പരിപാടികളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ്. കൗമുദി ടിവിയിൽ നേരത്തെ കോക് ടെയിൽ എന്ന പരിപാടിയുടെ അവതാരകയും ഷെഫ് മാസ്റ്ററെന്ന കുക്കറി റിയാലിറ്റി ഷോയുടെ വിധികർത്താവുമായിരുന്നു.