കോവിലകത്തിന്റെ നടുമുറ്റത്തുമാത്രം സമചതുരാകൃതിയിൽ നിലാവെളിച്ചം വീണുകിടന്നിരുന്നു.
അതുകൊണ്ട് ലൈറ്റുകൾ ഒന്നും തെളിച്ചില്ലെങ്കിലും പ്രജീഷിന് അകവരാന്തയും മറ്റും കാണാം. മാത്രമല്ല അയാൾക്ക് അവിടത്തെ ഒാരോ മുക്കും മൂലയും പരിചയവുമാണല്ലോ?
കാലടി ശബ്ദംപോലും പുറത്തുകേൾപ്പിക്കാതെ പ്രജീഷ് വരാന്തയിലൂടെ നടന്നു.
കിടാക്കന്മാർ നിധി കൊണ്ടുവച്ച മുറിയായിരുന്നു ലക്ഷ്യം. അത് താനും ചന്ദ്രകലയും ഉപയോഗിച്ചിരുന്ന മുറിയാണെന്ന് പ്രജീഷിന് അറിയാമായിരുന്നു.
ചുറ്റുപാടും ശ്രദ്ധിച്ചുകൊണ്ട് അയാൾ ആ മുറിക്ക് മുന്നിലെത്തി.
ശബ്ദം കേൾപ്പിക്കാതെ ഒാടാമ്പൽ നീക്കി.
നിലവറയിൽ നിന്ന് കല്ലറ പൊളിക്കുന്ന ശബ്ദം ഇടയ്ക്കിടെ കേട്ടുകൊണ്ടിരുന്നു.
മുറിക്കുള്ളിൽ കയറിയ പ്രജീഷ് ആദ്യം വാതിൽ അകത്തുനിന്ന് ബോൾട്ടിട്ടു.
തുടർന്ന് ജനാലയ്ക്കലേക്ക് നടന്നു.
അവിടത്തെ കർട്ടൻ ശരിയായി വലിച്ചിട്ടു. പിന്നെ സീറോ വാട്സിന്റെ ബഡ്റൂം ബൾബ് തെളിച്ചു.
മങ്ങിയ നീലവെളിച്ചം മുറിയിൽ പരന്നു.
പ്രജീഷ് മുറിയാകെ പരിശോധിക്കുവാൻ തുടങ്ങി. പകൽസമയത്ത് കിടാവ് കൊണ്ടുവച്ച സഞ്ചി കട്ടിലിനും ഭിത്തിക്കും ഇടയിലുള്ള ഭാഗത്ത് ഒളിച്ചുവച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി.
അയാൾ അതെടുത്ത് കട്ടിലിൽ വച്ചു തുറന്നു പരിശോധിച്ചു.
സ്വർണവാളുകളും കഠാരയും കണ്ട പ്രജീഷിന്റെ കണ്ണുകളിൽ ബഡ്റൂം ലാംപിന്റെ നീലവെളിച്ചം വിഷം മുറ്റിയതുപോലെ തിളങ്ങി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ആയുധങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് അയാൾക്ക് ഉറപ്പായി.
തുടർന്നുള്ള പരിശോധനയിൽ തലയിണകൾക്ക്
അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന പട്ടുസഞ്ചികളും കണ്ടെത്തി.
അതിലെ രത്‌നങ്ങൾ പ്രജീഷിന്റെ കണ്ണുകളിൽ നക്ഷത്രങ്ങളായി. അയാൾ ചുറ്റും നോക്കി.
പിന്നെ സഞ്ചികൾ മുഴുവൻ ഒരു ബഡ്ഷീറ്റിൽ വച്ച് നാലുതുമ്പുകളും ഉയർത്തി മുറുക്കിക്കെട്ടി ഒരു ഭാണ്ഡമാക്കി.
പിന്നെ അലമാര തുറന്നു. അതിൽ പെൻടോർച്ച് ഉണ്ടായിരുന്നുവെന്ന് പ്രജീഷ് ഒാർത്തു.
ഭാഗ്യം.
അത് യഥാസ്ഥാനത്തുണ്ടായിരുന്നു.അതെടുത്ത് മിന്നിച്ചുനോക്കി.
വെളിച്ചമുണ്ട്.
തൽക്കാലം ഇതുമതി.
പ്രജീഷ് ബെഡ്റൂം ലാംപ് അണച്ചു. പെൻടോർച്ച് പാൻസിന്റെ കീശയിൽ തിരുകി.
സഹസ്രകോടികൾ വിലമതിക്കുന്ന രത്‌നങ്ങളും സ്വർണ ആയുധങ്ങളും അടങ്ങിയ ഭാണ്ഡം ആയാസപ്പെട്ട് എടുത്തു തലയിൽ വച്ചു.
വാതിൽ തുറന്നു പുറത്തിറങ്ങുമ്പോൾ മിന്നൽപോലെ ഒരു ചിന്ത പ്രജീഷിന്റെ മനസിൽ രൂപംകൊണ്ടു.
ഇത്രയും വലിയൊരു നിധി കൈയിലുള്ളപ്പോൾ എന്തിന് ചന്ദ്രകലയെ ഒപ്പം കൂട്ടണം. തന്റെ മുന്നിൽ വച്ചുപോലും അന്യപുരുഷന്റെ കിടപ്പറ പങ്കിടാൻ പോയിട്ടുണ്ട് അവൾ.
അന്ന് എല്ലാം കണ്ടില്ലെന്ന് നടിച്ചതും ഇതുവരെ കൂടെനിന്നതും കോവിലകത്തെ കണക്കില്ലാത്ത സ്വത്ത് കണ്ടിട്ടുതന്നെയാണ്.
എല്ലാം കയ്യിൽ വന്നുകഴിഞ്ഞാൽ അവളെ കൊന്നു കളയണം എന്നു പോലും പലപ്പോഴും ചിന്തിച്ചിരുന്നു.
ഈ നിധിയുമായി രാജ്യം വിട്ടാൽ തനിക്ക് പത്തോ നൂറോ കൊട്ടാരങ്ങൾ വാങ്ങാം. അവിടെ ആയിരക്കണക്കിനു സുന്ദരിമാരെ കിട്ടും.
ദിവസം ഓരോ സുന്ദരി വീതം!
എന്നാൽപ്പോലും ഈ സമ്പത്തിന്റെ പത്തുശതമാനം പോലും ചെലവാകില്ല.
ഓർത്തപ്പോൾത്തന്നെ ശരീരത്തിൽ കുളിരുണ്ടാവുന്നത് പ്രജീഷ് അറിഞ്ഞു.
തട്ടിൻപുറത്തുകൂടി രക്ഷപെടാം എന്ന് പരുന്ത് പറഞ്ഞത് പ്രജീഷ് ഓർത്തു.
ചന്ദ്രകലയുള്ള റൂമിന്റെ ഭാഗത്തുകൂടി പോകാതെ മറുഭാഗത്തുകൂടി പ്രജീഷ് തട്ടിൻപുറത്തിനു താഴെയെത്തി.
നിലവറയിൽ നിന്ന് ഉയരുന്ന ശബ്ദമൊഴികെ മറ്റെല്ലാം ശാന്തം.
പ്രജീഷ് പോക്കറ്റിൽ നിന്ന് പെൻടോർച്ച് എടുത്തു തെളിച്ചുകൊണ്ട് മര ഗോവണികൾ കയറാൻ തുടങ്ങി.
അതിന്റെ അടർന്ന പടവുകളിൽ ചവിട്ടാതെ വല്ല വിധേനയും മുകളിലെത്തി. തട്ടിൻ പുറത്തെ വിഗ്രഹങ്ങളിലും ഓട്ടുപാത്രങ്ങളിലും ചവുട്ടി ശബ്ദമുണ്ടാക്കാതെ മെല്ലെ നീങ്ങി.
ഏതു വഴിയാണ് രക്ഷപെടാമെന്ന് പരുന്ത് പറഞ്ഞത്?
ടോർച്ചണച്ച് പ്രജീഷ് ഒരു നിമിഷം നിന്നു.
പെട്ടെന്നു കണ്ടു, നിലാവെളിച്ചം അകത്തേക്കു പതിക്കുന്ന ഒരു ഭാഗം.
പ്രജീഷിന്റെ ഉള്ളു കുളിർത്തു.
ആ ഭാഗത്തെ ഓടുകൾ ഇളക്കി മാറ്റിയിരിക്കുന്നു. പട്ടികകളും അടർത്തിക്കളഞ്ഞിരിക്കുന്നു.
പ്രജീഷ് അവിടെയെത്തി.
ഭാണ്ഡം താഴെ വച്ചിട്ട് തല പുറത്തേക്കു നീട്ടി നോക്കി.
കോവിലകത്തിനോടു ചേർന്നുള്ള തൊഴുത്തിന്റെ ഭാഗത്തേക്ക് ഇറങ്ങാം.
അയാൾ പെൻടോർച്ച് പിന്നെയും പോക്കറ്റിൽ വച്ചു.
ഭാണ്ഡം എടുത്ത് പുറത്തേക്ക് നീട്ടി ഓടിന്റെ പുറത്തുവച്ച് ഒരു കൈ അതിൽ മുറുക്കിക്കൊണ്ട് പുറത്തേക്കു കയറി. ശേഷം...
വളരെ സൂക്ഷ്മതയോടെ ചരിഞ്ഞ ഭാഗത്തുകൂടി തൊഴുത്തിന്റെ ഭാഗത്തേക്കു നിരങ്ങിയിറങ്ങി...
എന്നാൽ താഴെയെത്താറായതും അയാളുടെ കയ്യിൽ നിന്നു ഭാണ്ഡം വഴുതി.
ഒരു കിലുകക്കത്തോടെ ഭാണ്ഡം തൊഴുത്തിനും കോവിലകത്തിനും ഇടയിലുള്ള ഭാഗത്ത് ചെന്നുവീണു.
''അയ്യോ...."
അറിയാതെയൊരു ശബ്ദം പ്രജീഷിന്റെ തൊണ്ടയിൽ കുരുങ്ങി.
പെട്ടെന്ന് വടക്കു ഭാഗത്തും പടിഞ്ഞാറുഭാഗത്തും ടോർച്ചുകൾ തെളിഞ്ഞു.
പ്രജീഷ് നടുങ്ങിപ്പോയി.
രണ്ട് ടോർച്ചുകളുടെ വെളിച്ചം കോവിലകത്തിനു നേർക്കു വന്നു.
ടോർച്ചിനു പിന്നിൽ രണ്ടുപേരെ നിലാവെളിച്ചത്തിൽ അയാൾ വ്യക്തമായി കണ്ടു....
ഇരുഭാഗത്തുനിന്നും അവർ അടുത്തു വരികയാണ്.
പ്രജീഷിനു ശ്വാസം വിലങ്ങി.
(തുടരും)