ചിറയിൻകീഴ്: ശിവഗിരിയിലേക്കുള്ള തീർത്ഥാടന പദയാത്രികർക്ക് ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ ഭക്തിനിർഭരമായ വരവേല്പ് ഒരുക്കാനും 30ന് ദേവീ സദ്യാലയത്തിൽ മുഴുവൻ തീർത്ഥാടകർക്കും സമൂഹസദ്യ നൽകാനും ചിറയിൻകീഴ് പഞ്ചായത്ത് ശിവഗിരി തീർത്ഥാടന സ്വീകരണ കമ്മിറ്റി തീരുമാനിച്ചു. 29, 30, 31,​ ജനുവരി 1 ദിവസങ്ങളിൽ വിശ്രമത്തിനായുള്ള ഇടത്താവളമായി ശാർക്കര ഗുരുക്ഷേത്രത്തിൽ സൗകര്യമൊരുക്കും. താലൂക്ക് അതിർത്തിയായ പെരുങ്ങുഴി നാലുമുക്ക് ജംഗ്ഷനിൽ ചെമ്പഴന്തി ഗുരുകുലത്തിൽ നിന്നു പുറപ്പെടുന്ന പദയാത്രയ്ക്കും കുളത്തൂർ കോലത്തുകര ശിവക്ഷേത്ര സന്നിധിയിൽ നിന്നു എത്തിച്ചേരുന്ന പദയാത്രയ്ക്കും സ്വീകരണം നൽകാനും തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ, ശാർക്കര ഗുരുക്ഷേത്ര സമിതി എന്നിവയുടെ നേതൃത്വത്തിൽ ചിറയിൻകീഴിലും പരിസര പ്രദേശങ്ങളിലും തീർത്ഥാടകരെ വരവേല്ക്കുന്നതിന്റെ ഭാഗമായി കവലകളും ഗുരുമന്ദിരങ്ങളും അലങ്കരിക്കും. ചിറയിൻകീഴ് വഴി കടന്നുപോകുന്ന പദയാത്രകൾക്കു സ്വീകരണം നൽകും. പഞ്ചായത്ത് സമിതി പ്രസിഡന്റ് ശിശുപാലന്റെ അദ്ധ്യക്ഷതയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഡോ.ബി. സീരപാണി, സി. വിഷ്ണുഭക്തൻ, ആർ. ബാലാനന്ദൻ, ഡോ.ബി. രാമചന്ദ്രൻ, ശിശുപാലൻ, ഡി. ചിത്രാംഗദൻ, സുദേവൻ, സദാശിവൻ കൊല്ലശേരി, പ്രദീപ് സഭവിള, വിജയൻ തൊടിയിൽ, എസ്. പ്രശാന്തൻ, ഇന്ദുചൂഡൻ, ഭാസ്‌കരൻ, ഗോപിനാഥൻ, സി. കൃത്തിദാസ്, ബിജു കാർത്തിക, പുഷ്പരാജൻ വൈദ്യർ, ശ്രീകുമാർ പെരുങ്ങുഴി, ചന്ദ്രസേനൻ, സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതിയെയും തിരഞ്ഞെടുത്തു.