ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്ര സന്നിധിയിൽ നിന്നും ചിറയിൻകീഴ് വഴി ശിവഗിരിയിലേക്ക് ആരംഭിച്ച തീർത്ഥാടന മതമൈത്രി പദയാത്രയ്‌ക്ക് പെരുങ്ങുഴി മുസ്ലിം ജമാഅത്ത് ഭാരവാഹികളും വിശ്വാസികളും പള്ളിയങ്കണത്തിൽ ഭക്തിനിർഭരമായ സ്വീകരണം നൽകി. ജമാഅത്ത് പ്രസിഡന്റ് എ. ഹാരിദ് പദയാത്ര ക്യാപ്ടൻ സി. തുളസീധരനെ പീതഷാൾ അണിയിച്ചു. സെക്രട്ടറി എം.കെ. ബഷീർ, ജോയിന്റ് സെക്രട്ടറിമാരായ യു. അഷ്റഫ്, ഇ. അബ്ദുൾ അസീസ്, ഭരണസമിതി അംഗങ്ങളായ ഇ. മുഹമ്മദ് കുഞ്ഞ്, എം.എ. ഹുസൈൻ, എ. സമീർ എന്നിവരും എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനെ പ്രതിനിധീകരിച്ച് സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർ സി. കൃത്തിദാസ്, ശാഖ ഭാരവാഹികളായ ഡി. ജയതിലകൻ, ബൈജു തോന്നയ്ക്കൽ, സദാശിവൻ, സന്തോഷ്, അജിത്ത്, എസ്.എൻ ട്രസ്റ്റ് ബോർഡംഗം കെ. രഘുനാഥൻ, പുഞ്ചിരി പ്രകാശ്, സേവനം ദുബായ് ഭാരവാഹി തുളസി എന്നിവരും ജമാഅത്ത് അങ്കണത്തിലെത്തിയിരുന്നു.