bb

നെയ്യാറ്റിൻകര : അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന പടവല ചന്തയെന്ന നെയ്യാറ്റിൻകര ടൗൺ മാർക്കറ്റ് ഹൈടെക്കാക്കാനൊരുങ്ങുന്നു. നൂറു വർഷത്തിലേറെ പഴക്കമുള്ള മാർക്കറ്റാണ് ആധുനിക സൗകര്യങ്ങളുമായി വികസനപാതയിലേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നത്. താലൂക്കിലെ പ്രധാനപ്പെട്ട ഈ മത്സ്യ - പച്ചക്കറി ചന്ത കിഫ്ബിയിൽനിന്ന്‌ 4.77 കോടി രൂപ ചെലവിട്ടാണ് നവീകരിക്കുക. പദ്ധതിയെക്കുറിച്ച് വിലയിരുത്താൻ കഴിഞ്ഞ ദിവസം ചന്ത സന്ദർശിച്ച കിഫ്ബി സംഘം കെ.ആൻസലൻ എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, കൗൺസിലർ എം.അലിഫാത്തിമ എന്നിവരുമായി ചർച്ച നടത്തി. ചന്ത ഹൈടെക്കാക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് കെ.ആൻസലൻ പറഞ്ഞു. നിലവിൽ ചന്തയിൽ മത്സ്യ - മാംസ കച്ചവടത്തിനും പച്ചക്കറി കച്ചവടത്തിനുമൊക്കെ അടിസ്ഥാനസൗകര്യങ്ങൾ കുറവാണ്. മഴയെത്തിയാൽ ചെറുകിട പച്ചക്കറി കച്ചവടക്കാർ അടുത്തുള്ള കടകളിലേക്ക് ഓടിക്കയറും. ഹൈടെക്ക് ആക്കുന്നതോടെ ഇതിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. രാത്രിയിലും പുലർച്ചെയും ഇവിടെയെത്തുന്ന കച്ചവടക്കാർക്ക് പ്രാഥമിക സൗകര്യങ്ങൾക്കായി ഇപ്പോൾ യാതൊരു സൗകര്യവുമില്ല. ഇതിലേക്കായി ടോയ്‌ലെറ്റ് ബ്ലോക്കും നിർമ്മിക്കും. ഒരേക്കറിലേറെ വിസ്തൃതിയുള്ള നിലവിലെ ചന്തയിലെ ഷെഡും കെട്ടിടവും പൊളിച്ചുനീക്കിയ ശേഷം മത്സ്യക്കച്ചവടത്തിനും പച്ചക്കറി കച്ചവടത്തിനും പ്രത്യേകം സ്റ്റാളുകൾ നിർമ്മിക്കും. മത്സ്യം കേടാകാതിരിക്കാൻ ഫ്രീസർ സൗകര്യവുമുണ്ടാകും. നഗരസഭയ്ക്ക് 30 ലക്ഷത്തിലേറെ രൂപ ലേലവരുമാനമുള്ളതാണെങ്കിലും സ്ലാട്ടർ ഹൗസില്ലാത്ത ചന്തയാണിത്. ആധുനിക സംവിധാനമുള്ള ഒരു അറവുശാല സ്ഥാപിക്കണമെന്നത് ഇവിടത്തെ കച്ചവടക്കാരുടെ നിരന്തര ആവശ്യമാണ്. നേരത്തെ ഉണ്ടായിരുന്ന അറവുശാല ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. ചില്ലിട്ട കണ്ണാടിഗ്ലാസുകളുടെ മറവിൽ മാത്രമേ മൃഗങ്ങളുടെ മാംസം പ്രദർശിപ്പിക്കാൻ പാടുള്ളൂവെന്ന ഹൈക്കോടതിയുടെ നിർദ്ദേശം നിലവിലിരിക്കെ ഇതേവരെ അത്തരം സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ചന്ത ഹൈടെക്ക് ആകുന്നതോടെ ഇതിനും പരിഹാരമാകും. അറവുശാലയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം കിഫ്ബിയും യന്ത്രസംവിധാനം നഗരസഭയും സജ്ജീകരിക്കും. മാർക്കറ്റിലെത്തിക്കുന്ന മത്സ്യത്തിൽ മനുഷ്യശരീരത്തിന് ഹാനികരമായ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ആരോഗ്യവകുപ്പിന്റെ ഔട്ട്ലെറ്റും ഇവിടെ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.