tourist

ക്രിസ്മസ് നക്ഷത്രങ്ങൾ മിന്നുമ്പോൾ ഷില്ലോംഗിൽ തണുപ്പ് വിറപ്പിക്കുകയാണ്. ഹോ എന്തൊരു തണുപ്പ്. മൂന്ന് ഡിഗ്രിയിൽ താഴെവരെ തണുപ്പ് നിറയുകയാണ്. വൈകിട്ട് നാല് മണിയാകുമ്പോൾ ഇരുട്ട് വീഴുന്നു. പുലർച്ചേ നാല് മണിക്ക് നേരം പുലരുന്നു. അഞ്ചരയാകുമ്പോൾ സൂര്യൻ മെല്ലേ ഉദിച്ചുയരുന്നു. തണുപ്പിനെ തഴുകിയകറ്റിക്കൊണ്ട് സൂര്യകിരണങ്ങൾ പതിക്കുമ്പോൾ അതിൻെറ രസം കൊള്ളാൻ തദ്ദേശികളുടെയും അല്ലാത്തവരുടെയും ഒരു കുതിപ്പാണ്. ഡിസംബറിന്റെ കഥ പറഞ്ഞു വരുമ്പോൾ ജനുവരിയിലെ തണുപ്പിന്റെ കഥ പറയരുതേ എന്നാണ് ഷില്ലോംഗുകാർ പറയുന്നത്. തണുപ്പിന്റെ കൂടിയാട്ടമാകുന്ന നാളുകൾ. തണുത്ത് വിറയ്ക്കാത്ത നിമിഷങ്ങളില്ല. സെറ്റർ ധരിച്ചതുകൊണ്ടൊന്നും ഒരുകാര്യവുമില്ല. തണുപ്പ് സൂചികുത്തുംപോലെ നുള്ളി നോവിച്ചുകൊണ്ടിരിക്കും. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലെ ഈ തണുപ്പിന് പ്രകൃതി നൽകുന്നൊരു സൗന്ദര്യമുണ്ട്. അമ്പോ അത് ഒന്നൊന്നര സൗന്ദര്യം തന്നെ. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോഗിനെ കിഴക്കിന്റെ സ്ക്വാട്ട്ലാൻഡ് എന്ന് വിദേശികൾ വിശേഷിപ്പിച്ചത് ചുമ്മാതല്ല. അത്രയ്ക്ക് മനോഹരമാണ്. സ്ക്വാട്ട്ലാൻഡ് കാണണോ ഷില്ലോംഗിൽ വന്നാൽ മതി. സ്ക്വാട്ട്ലാൻഡിന്റെ നേർപതിപ്പ്.

tourist

ക്രിസ്മസ് ട്രീയുടെ നാട്

ക്രിസ്മസ് ട്രീ നേരിട്ട് കാണണമെങ്കിൽ വരിക. കൺനിറയെ കാണാം. മലനിരകൾ ഇങ്ങനെ പരന്ന് കിടക്കുകയാണ്. കിലോമീറ്ററുകളോളം. അതിന് ചന്തമായി ക്രിസ്മസ് ട്രീകൾ കാഴ്ചകളുടെ വിസ്മയം തീർക്കുന്നു. ഹാ എന്ത് രസമാണ്! പ്രകൃതി മേക്കപ്പ് മാനാകുന്നതുപോലെ. ആകാശീനീലിമയിൽ ഉയർന്ന് നിൽക്കുന്ന ക്രിസ്മസ് ട്രീ. റോഡുകൾക്ക് എന്ത് ചന്തം. ഇവിടെ യാത്രയുടെ മര്യാദ കാണാം. ഒരു റോഡിലും ഓവർടേക്കിംഗില്ല. കാറുകൾക്ക് പിന്നാലെ മറ്റ് കാറുകൾ ക്യൂവായി വരും. ആരും കുതിച്ച് മുന്നിൽ കയറില്ല. കയറിയാൽ അത് കുറ്റകരം. ക്ഷമയുടെ കാറോട്ടമാണ്. അതുകൊണ്ട് തന്നെ നിരങ്ങി നിരങ്ങിയുള്ള യാത്രയാണ്. മെല്ലേപ്പോക്ക്. എത്ര കാത്ത് കിടന്നാലും ആരും ഓവർടേക്ക് ചെയ്യില്ല.

ചിറാപൂഞ്ചിയുടെ മഴ

ഏറ്റവും കൂടുതൽ പെയ്യുന്ന ചിറാപൂഞ്ചിയിൽ വിനോദസഞ്ചാരികളുടെ കൂട്ടമാണ്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം മോഹിപ്പിക്കുമ്പോൾ റോപ്പ് വേയിലൂടെയുള്ള യാത്ര ത്രസിപ്പിക്കുകയാണ്. ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച ക്ളീൻ ഗ്രാമമാ മാവ്ലിനോംഗ് ഇവിടെയാണ്. പൈൻ മരങ്ങളാണ് മറ്റൊരു രസം.

ട്രെയിനും വിമാന സർവീസുമില്ലാത്ത ഇവിടെ എത്താനുള്ള ഏകമാർഗം റോഡാണ്. അസമിലെ ഗോഹട്ടിയിൽ വിമാനത്തിലൂടെയും ട്രെയിനിലൂടെയുമെത്തിയിട്ട് വേണം ഷില്ലോംഗിൽ പോകാൻ. ഗോഹട്ടിയിൽ നിന്ന് രണ്ടര മണിക്കൂർ ടാക്സി യാത്ര. 2500 രൂപ ടാക്സി കൂലിയിൽ യാത്ര ചെയ്യുമ്പോൾ എതിരേൽക്കുന്നത് മുളങ്കാടുകളാണ്. മുളയുടെ നാടാണ് അസം. എല്ലായിടത്തും മുള മയം. അസമിൽ മുളപ്പാർക്ക് തന്നെയുണ്ട്. എത്രതരം മുളകളുണ്ടെന്നത് പാർക്ക് കാണിച്ച് തരുന്നു. പ്രശസ്തമായ കാസിരംഗ നാഷണൽ പാർക്ക് ഇവിടെയാണ്. അതിനുള്ളിലാണ് റെയിനോകളുടെ താവളം. ജീപ്പിലൂടെ കാട്ടിനുള്ളിലൂടെ റെയ്നോയെ തേടിയുള്ള യാത്ര. അങ്ങകലെ കാടുകൾക്കുള്ളിൽ റെയ്നോകളുടെ കൂട്ടങ്ങൾ. റെയ്നോകളുടെ ഈ കാഴ്ച ഇവിടെ മാത്രം. രാവിലെ എത്തിയാൽ ആനപ്പുറത്ത് സഞ്ചരിച്ച് റെയ്നോകളുടെ അടുത്തെത്താം. ശാന്തമായി ഒഴുകുന്ന ബ്രഹ്മപുത്രയിലൂടെയുള്ള ബോട്ട് യാത്ര മറ്റൊരു ത്രിൽ.

ഉമിയം തടാകം

ബരാപാനി അഥവ ബിഗ് വാട്ടർ എന്നറിയപ്പെടുന്ന ഉമിയം തടാകം അത്യാകർഷകമാണ്. 1690 കളുടെ തുടക്കത്തിൽ ഉമിയം നദിയിൽ ഡാം നിർമ്മിച്ചാണ് മലനിരയിൽ ഷില്ലോംഗിന് 15 കി.മി വടക്ക് സ്ഥിതി ചെയ്യുന്ന തടാകം സൃഷ്ടിച്ചത്. ഇന്ത്യയുടെ വശക്ക്കിഴക്കൻ മേഖലയിലെ ആദ്യ ഹൈഡൽ പവർ പ്രൊജക്ട് എന്ന പ്രത്യേകതയുമുണ്ട് ഈ ഡാമിന്.

കയാക്കിംഗ്, വാട്ടർ സൈക്ലിംഗ്, സ്‌കൂട്ടിംഗ്, ബോട്ടിംഗ് തുടങ്ങിയവയുള്ള ഈ തടാകം വാട്ടർ സ്‌പോർട്ട്സിന് പ്രശസ്തമാണ്. വളഞ്ഞുപുളഞ്ഞു കിടക്കുന്ന പുൽത്തകിടിയും സമൃദ്ധമായ പച്ചപ്പ് മലനിരകളും തടാകത്തെ വലയം ചെയ്തിരിക്കുന്നു.

റൂട്ട് ബ്രിഡ്ജ്

മേഘങ്ങളുടെ ആലയവും വനവും ഉൾപ്പെടുന്ന മേഘാലയ വൃത്തിയും നനവുമുള്ള ഗ്രാമങ്ങളുടെയും നീളമേറിയ ഗുഹകളുടെയും ജീവനുള്ള വേരുകൾ തീർക്കുന്ന പാലങ്ങളുടെയും നാടാണ്.

ഷില്ലോംഗിലെ കാടുകളിൽ പാലങ്ങൾ നിർമ്മിച്ചതല്ല അവ വളർന്നു പടർന്ന് രൂപം കൊണ്ടതാണ്. നൂറുവർഷത്തിലധികം പഴക്കമുള്ളവയാണ് വേരുപാലങ്ങളിൽ ചിലത്. മേഘാലയയുടെ അഭിമാനമാണ് ഇരുനില വേരു പാലം (ഡബിൾ ഡെക്കർ റൂട്ട് ബ്രിഡ്ജ് ). ഷില്ലോംഗിൽ നിന്ന് 90 കിലോമീറ്റർ അകലെയുള്ള മാവ്ലിനോംഗിലെ റിവായ് ഗ്രാമത്തിൽ ഇത്തരം നിരവധി വേരുപാലങ്ങൾ കാണാം.

ഗരോ മലനിരകൾ

ഷില്ലോംഗിലേക്കുള്ള യാത്രയിൽ ഏറ്റവും മനോഹരമായ കാഴ്ച ഗരോ മലനിരകളാണ്. സിംസാംഗ് നദിയിൽ നിന്നുള്ള കലങ്ങിമറിഞ്ഞൊഴുകുന്ന വെള്ളം ഗരോയുടെ ഹൃദയഭാഗത്തുകൂടെ കടന്ന് ബാംഗ്ലദേശിലേക്ക് പ്രവേശിച്ച് സേമേശ്വരി നദിയായി മാറുന്നു.

ഗുഹ കാഴ്ചകൾ

ഗുഹ യാത്രകളുടെ ത്രില്ലാണ് മറ്റൊന്ന്. അരണ്ട വെളിച്ചത്തിൽ ഗുഹക്കുള്ളിലേക്ക് കടന്ന് ചെല്ലുമ്പോൾ സൂപ്പർ. ഗുഹകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാം. അത്രയ്ക്ക് വലുപ്പമാണ് ഗുഹയ്ക്ക്. അതുകൊണ്ട് തന്നെ ഗുഹകളുടെ ലഹരിയറിയാനെത്തുന്നവർ ഏറെ. കുനിഞ്ഞും നിരങ്ങിയും ഗുഹക്കുള്ളിലേക്കുള്ള യാത്ര കഴിഞ്ഞ് പുറത്തിറങ്ങിയാൽ കാത്തിരിക്കുന്നത് മറ്റൊരു ഗുഹ.

ബംഗ്ളാദേശ് അപ്പുറത്ത്

ബംഗ്ളാദേശിന്റെ അതിർത്തി ഇവിടെയാണ്. ഇന്ത്യ-ബംഗ്ളാദേശ് സൗഹൃദ ഗേറ്റിന് അപ്പുറത്ത് ബംഗ്ളാദേശിന്റെയും ഇപ്പുറത്ത് ഇന്ത്യയുടെയും സുരക്ഷാ ഭടന്മാർ. വെണ്ണക്കല്ലു പാകിയപോലെയുള്ള പാറകഷണങ്ങൾക്ക് മീതേ ഇളം പച്ച നിറത്തിലുള്ള നദിയിലൂടെ ബോട്ട് യാത്ര. ഇന്ത്യാക്കാർക്ക് ഇപ്പുറവും ബംഗ്ളാദേശികൾക്ക് അപ്പുറവും ബോട്ടിൽ യാത്ര ചെയ്യാം. നദിയുടെകരയിൽ അതിർത്തി കടക്കരുതെന്ന ഇന്ത്യയുടെ ചെറിയ ബോർഡും. കാലെടുത്ത് അപ്പുറത്ത് വച്ചാൽ ബംഗ്ളാദേശ്, ഇപ്പുറത്ത് വച്ചാൽ ഇന്ത്യ. നിരീക്ഷകരായി ഇരുരാജ്യത്തിന്റെയും സൈനികർ തോക്കുമായി കാവൽ. അവരുടെയൊക്കെ കണ്ണ് വെട്ടിച്ച് ഒരുപാട് ഒരുപാട് ബംഗ്ളാദേശികൾ ഇന്ത്യയിലേക്ക് കടക്കുന്നു. സൗഹൃദ ഗേറ്റിന് തൊട്ട് മുന്നിലായി റോഡ് ബംഗ്ളാദേശിലേക്ക് നീളുന്നു. മേഘാലയയിൽ നിന്ന് ദിവസവും പാറയുമായി ലോറികൾ ബംഗ്ളാദേശിലേക്ക് പോകുന്നു, തിരിച്ചു വരുന്നു. അതിൽ ആരൊക്കെ നുഴഞ്ഞു കയറി വരുന്നു എന്നതിന് കണക്കില്ല, കാഴ്ചകൾക്കും.