നെയ്യാറ്റിൻകര : ഗൾഫിൽ നിന്ന് മുംബയ് വഴി നാട്ടിലെത്തി കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി നിലനിൽക്കെ, പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടു പോയി വഴിയിലിറക്കി വിട്ട യുവാവിനെ പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അമരവിള എഴുതുക്കോണ്ടാൻകാണി ദേവേശ്വരം അൽനൂറിൽ അബ്ദുൾ മജീദ് -ആരിഫ ദമ്പതികളുടെ മകൻ ഷെമീറിനെയാണ് (32) ഇന്നലെ പാറശാലയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ഗൾഫിൽ നിന്ന് മടങ്ങി എത്തിയശേഷം കാണാതെയാകുകയായിരുന്ന യുവാവിന്റെ മാനസികനില തെറ്റിയ നിലയിലായിരുന്നു. യുവാവിനെ നാട്ടുകാരായ രണ്ട് യുവാക്കൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അർദ്ധരാത്രി വെടിവെച്ചാൻകോവിലിനു മുമ്പിൽ കണ്ടതിനെ തുടർന്ന് യുവാക്കൾ നരുവാമൂട് പൊലീസിനെ വിവരം അറിയിച്ചു. അവർ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടു പോയെങ്കിലും വഴിയിൽ ഇറക്കിവിട്ടിരുന്നു. തുടർന്ന് ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പാറശാലയിൽ നിന്ന് യുവാവിനെ പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്.