പാറശാല: പാറശാലയിലെ കുടിവെള്ള പ്രശ്നം പോലെ കീറാമുട്ടിയായിരിക്കുകയാണ് റോഡുകളുടെ അവസ്ഥയും.

പൈപ്പ് ലൈനുകൾ കടന്ന് പോകുന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങളാണ് പരിഹാരമാകാതെ അവശേഷിക്കുന്നത്.

പാറശാലയിൽ ശുദ്ധജലം ഉറപ്പ് വരുത്തുന്നതിനായി വണ്ടിച്ചിറയിൽ നടപ്പിലാക്കിയ പുതിയ പദ്ധതിയിലൂടെ ശുദ്ധീകരിച്ചതും ശുദ്ധീകരിക്കാത്തതുമായ വെള്ളമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്. അക്കാര്യം പരിഹരിക്കപ്പെടാത്ത പ്രശ്നമായി നിലനിൽക്കുകയാണ്. ശുദ്ധലവിതരണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴികൾ നികത്താത്തതും റോഡ് ടാർ ചെയ്യാത്തതും യാത്രക്കാരെ പരീക്ഷിക്കുന്നു.പരശുവയ്ക്കൽ റെയിൽവെ പാലം മുതൽ ജംഗ്‌ഷൻ വഴി പരശുവയ്ക്കൽ പമ്പ് ഹൗസ് വരെയുള്ള ഭാഗത്ത് പൈപ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴികളാണ് പ്രശ്നമാകുന്നത്.

റോഡിന് ഒരു വശത്തെ കുഴിയിൽ പെടാതെ വാഹനങ്ങൾ കടന്ന് പോകുന്നത് കാൽനട യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.ഒരു വർഷം കഴിഞ്ഞും മൂടാതെ കിടക്കുന്ന കുഴികൾ കാരണം പൊറുതിമുട്ടിയ നാട്ടുകാരും പ്രദേശത്തെ വ്യാപാരി വ്യവസായികളും ചേർന്ന് പ്രത്യക്ഷ സമരവുമായിട്ട് രംഗത്ത് വന്നു. കുഴികളിൽ വാഴനാട്ട് പ്രതിഷേധിച്ചു. റോഡ് കുഴിച്ച വാട്ടർ അതോറിട്ടി അധികാരികളോ പി.ഡബ്ളി.യു.ഡി അധികാരികളോ എത്തിയില്ല. ഒടുവിൽ സ്ഥലത്തെത്തിയ പൊലീസും പഞ്ചായത്ത് അധികൃതരും ഇടപെട്ടതിനെ തുടർന്ന് വാർഡ് മെമ്പർ എത്തി റോഡിലെ കുഴികൾ ഉടൻ തന്നെ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണെന്ന് ഉറപ്പ് നൽകി.

തുടർന്ന് പ്രതിഷേധ സമരം അവസാനിപ്പിച്ചു. തുടർന്ന് ഏതാനും ദിവസം കഴിഞ്ഞ് കുഴികളിൽ കുറെ മെറ്റൽ നിരത്തിയെങ്കിലും മഴയിൽ അവയെല്ലാം ഒലിച്ചുപോയി. വീണ്ടും കുഴികളായി തന്നെ അവശേഷിക്കുന്നു.

കഴിഞ്ഞ ഒരു വർഷത്തിന് മുൻപ് കുഴിച്ച കുഴികൾ ആണ് നികത്താതെ കിടക്കുന്നത്. പരശുവയ്ക്കൽ ജംഗ്‌ഷൻ വഴി പണ്ടാരക്കോണം, ആലമ്പാറ, പെരുവിള ഭാഗത്തേക്ക് കടന്നുപോകുന്ന വാഹനങ്ങൾ റോഡിലെ ഈപൈപ്പ് ലൈനിനായി കുഴിച്ച കുഴികടന്ന് വേണം പോകാൻ. കേരള തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസുകൾക്ക് പുറമെ നിരവധി സ്വാകാര്യ വാഹനങ്ങളും സ്‌കൂൾ ബസുകളും കടന്നുപോകുന്നത് കാരണം തിരക്കേറിയ ജംഗ്‌ഷനിലെ കുഴികൾ അപകടക്കുഴികളായി മാറിയിട്ടുണ്ട്.

നികത്താത്തത്...1 വർഷത്തെ കുഴികൾ

ദുർഘട പാത

 റോഡിലാകെ കുഴികൾ

അപകടം പതിവ്

മെറ്റലുകൾ ഒലിച്ചുപോയി

നവീകരണം പ്രഹസനം

നാട്ടുകാർ പ്രതിഷേധത്തിൽ

കാൽനട അസാദ്ധ്യം

അധികാരികളുടെ അവഗണന

വാട്ടർ അതോറിട്ടിയുടെ പൈപ് ലൈനുകൾ സ്ഥാപിക്കുന്നതിനായി പരശുവയ്ക്കൽ ജംഗ്‌ഷനിലും റോഡിലുമായി കുഴിച്ച കുഴികൾ അടിയന്തിരമായി നികത്തി ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണം.

പരശുവയ്ക്കൽ പൗരസമിതി.