ramesh-chennithala

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണ-പ്രതിപക്ഷങ്ങൾ സംയുക്തമായി നടത്തിയ സമരത്തെ ചൊല്ലിയുള്ള വിവാദങ്ങൾ അടഞ്ഞ അദ്ധ്യായമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ മുൻകൈയെടുത്ത് നടത്തിയ സംയുക്തസത്യാഗ്രഹത്തെ ന്യായീകരിച്ച പ്രതിപക്ഷനേതാവ്, ഇതുസംബന്ധിച്ച് യു.ഡി.എഫിലോ കോൺഗ്രസിലോ ആശയക്കുഴപ്പമോ അഭിപ്രായഭിന്നതയോ ഇല്ലെന്നും അവകാശപ്പെട്ടു. ഈ മാസം 31ന് യു.ഡി.എഫ് യോഗം ചേർന്ന് വിശദമായ തുടർപ്രക്ഷോഭങ്ങൾ തീരുമാനിക്കും. 29ന് സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗത്തിൽ പങ്കെടുത്ത് നിർദ്ദേശങ്ങളറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഇനിയങ്ങോട്ട് യോജിച്ച സമരമില്ലെന്ന സൂചനയാണ് പ്രതിപക്ഷനേതാവ് നൽകിയത്. ജനുവരി 26ന് എൽ.ഡി.എഫ് പ്രഖ്യാപിച്ച മനുഷ്യച്ചങ്ങലയോട് സഹകരിക്കണമെന്ന സി.പി.എം ആഹ്വാനത്തെപ്പറ്റി ചോദിച്ചപ്പോൾ, എൽ.ഡി.എഫ് ഒരു പരിപാടി പ്രഖ്യാപിച്ചിട്ട് അതിൽ പങ്കെടുക്കണമെന്ന് പറയുന്നതിൽ എന്ത് ഔചിത്യമാണുള്ളതെന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. തങ്ങളെ അത്ര ചെറുതാക്കരുത്.

രാജ്യത്താകെ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന സദുദ്ദേശ്യത്തോടെയാണ് യോജിച്ച സത്യാഗ്രഹത്തിന് തയ്യാറായത്. അതിനുശേഷം യു.ഡി.എഫ് യോഗം ചേർന്ന് പ്രത്യേകമായ സമരങ്ങൾക്ക് ‌രൂപം നൽകി. എൽ.ഡി.എഫും പ്രത്യേക സമരങ്ങൾ തീരുമാനിച്ചു. ജനുവരി 6ന് എറണാകുളത്തും 7ന് കോഴിക്കോട്ടും പൊതുയോഗങ്ങൾ ചേരും. ജനുവരി 26നോ 27നോ ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സംയുക്തസമരം സാദ്ധ്യമല്ലെന്ന് കെ.മുരളീധരനും മറ്റും പറഞ്ഞകാര്യം ചൂണ്ടിക്കാട്ടിയപ്പോൾ എല്ലാവരുടെയും അഭിപ്രായം കേട്ടിട്ടാണല്ലോ യു.ഡി.എഫ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത് എന്നായിരുന്നു മറുപടി. മുരളീധരൻ പറഞ്ഞതിൽ കാര്യമുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റേത് സങ്കുചിത നിലപാടാണെന്ന സി.പി.എം വിമർശനത്തെപ്പറ്റി ചോദിച്ചപ്പോൾ, സി.പി.എമ്മിന്റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നായിരുന്നു മറുപടി.

പാർട്ടിയുടെ നിലപാട് മുല്ലപ്പള്ളി പറയും

കേരളത്തിൽ കോൺഗ്രസിന്റെ അവസാനവാക്കാണ് കെ.പി.സി.സി പ്രസിഡന്റ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുവശത്തും മുല്ലപ്പള്ളി മറുവശത്തുമെന്ന നിലയിൽ പ്രസ്താവന സി.പി.എം ഇറക്കിയത് അനൗചിത്യമായി. പാർട്ടിക്കുള്ളിൽ പ്രസിഡന്റിന്റെ അഭിപ്രായത്തിനാണ് വില. പാർട്ടിയുടെ അഭിപ്രായം അദ്ദേഹം പറയും. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ശക്തമായി പോരാടുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതിച്ഛായയെ തെറ്റായ പ്രചാരണങ്ങൾ കൊണ്ട് മങ്ങലേല്പിക്കാനാവില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. മുസ്ലിംലീഗിന് വ്യത്യസ്ത നിലപാടുണ്ടോയെന്ന ചോദ്യത്തിന് യു.ഡി.എഫ് ഒരുമിച്ചാണെന്നായിരുന്നു മറുപടി. പാണക്കാട് തങ്ങളുമായി സംസാരിച്ചു. ദേശീയ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തിയാണ് കോൺഗ്രസ് പ്രവർത്തകസമിതി അംഗമായ ഉമ്മൻചാണ്ടി അഭിപ്രായങ്ങൾ പറയുന്നത്. അതിന് പ്രസക്തിയുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.