കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ ഭാഗമായുള്ള വള്ളംകളി മത്സരം നാളെ നടക്കും. ഇരുപത്തിയൊന്നു പേർ തുഴയുന്ന വള്ളങ്ങൾ മീരാൻകടവിൽ മാറ്റുരയ്ക്കും. രാവിലെ 10ന് ബോട്ട് റേസിംഗ് മത്സരം, ചെറു വള്ളങ്ങളുടെ മത്സരം, നീന്തൽ മത്സരം എന്നിവ ആരംഭിക്കും. ഉച്ചയ്ക്ക് 2 മുതൽ ഒന്നാം തരം വള്ളങ്ങളുടെ റിഹേഴ്സലും, 3ന് മത്സരങ്ങളും ആരംഭിക്കും. ബ്ലൂ ബേർഡ്‌സ് കാക്കാമൂല, കിഴക്കേക്കര ബോട്ട് റൈസ് ക്ലബ്‌, വടക്കേക്കര ചുണ്ടൻ, ബ്രദേർസ് ബോട്ട് ക്ലബ് എന്നീ വള്ളങ്ങളാണ് കൊമ്പ് കോർക്കുന്നത്. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ബ്രഹ്മാനന്ദൻ സ്മാരക ജലോത്സവ അവാർഡ് നടി കീർത്തി സുരേഷിന് മന്ത്രി നൽകും. നാടക അവാർഡ് വിതരണം ഡെപ്യൂട്ടി സ്പീക്കർ ശശി നിർവഹിക്കും.