ശ്രീകാര്യം: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരുദേവ സാഹിത്യ സംബന്ധമായ പുസ്തകങ്ങളുടെ പ്രദർശനം ഇന്ന് രാവിലെ 9.30ന് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ, കൗൺസിലർ കെ.എസ്. ഷീല തുടങ്ങിയവർ പങ്കെടുക്കും. ശ്രീനാരായണഗുരുദേവന്റെ ജീവിതത്തെയും ദർശനത്തെയും കൃതികളെയും സംബന്ധിച്ച്‌ ശിവഗിരി മഠം ഉൾപ്പെടെ വിവിധ പ്രസിദ്ധീകരണശാലകളിൽ നിന്നുള്ള ബൃഹത്തായ പുസ്തക ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. പുസ്തകപ്രദർശനവും വില്പനയും ജനുവരി 5 വരെ തുടരുമെന്ന് സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.