ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായിരുന്ന ബി.ജെ.പിക്കു നേരിട്ട തിരിച്ചടി അപ്രതീക്ഷിതമെന്നു പറയാനാവില്ല. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണം തന്നെ ഇത്തരത്തിലൊരു സ്ഥിതിക്ക് കാരണമാകുമെന്ന് സൂചനകൾ വന്നിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പിയുടെ പതനം പ്രവചിച്ചിരുന്നു. ഏഴുവർഷം മുൻപു നടന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ 56 ശതമാനം വോട്ടു വിഹിതം നേടി 14 ൽ 12 സീറ്റും കൈയടക്കിയ ബി.ജെ.പിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ 33 ശതമാനം വോട്ട് നേടാനേ സാധിച്ചുള്ളൂ.
ജനസമ്മതിയിൽ സംഭവിച്ച ഈ കനത്ത ഇടിവ് പാർട്ടി ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ജനതാല്പര്യങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാത്ത ഏതു പാർട്ടിക്കും അനിവാര്യമായി സംഭവിക്കാവുന്ന ദുരന്തം തന്നെയാണിത്. ഈ തോൽവി ബി.ജെ.പിയുടേതല്ലെന്നും വ്യക്തിപരമായി തന്റേതുമാത്രമാണെന്നും സ്ഥാനഭ്രഷ്ടനായ മുഖ്യമന്ത്രി രഘുബർദാസ് ഫലമറിഞ്ഞ പാടെ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ ഏറ്റുപറച്ചിൽ വലിയൊരളവിൽ ശരിയാണുതാനും. ഗിരിവർഗക്കാരനല്ലാത്ത ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു രഘുബർദാസ്.
ഇരുപതു വർഷം മുൻപ് രൂപീകൃതമായ ജാർഖണ്ഡിൽ ഗിരിവർഗജനതയുടെ താത്‌പര്യങ്ങൾക്കനുസരിച്ച് ഭരണംകൊണ്ടു പോകുന്നതിൽ രഘുബർദാസിനു സാധിച്ചില്ല. തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം അദ്ദേഹത്തിന്റെ സർക്കാരിനുണ്ടായ പരാജയം കൂടിയാണ്. ഭരണരംഗത്തെ പിഴവുകൾക്കൊപ്പം പാർട്ടിയിലെ അന്തച്ഛിദ്രങ്ങൾ കൂടിയായപ്പോൾ മാറി ചിന്തിക്കാൻ വോട്ടർമാരും തയ്യാറായി. ദാസ് മന്ത്രിസഭയിൽ അംഗമായിരുന്ന സരയൂ റായിക്കു സീറ്റ് നിഷേധിച്ചതും പാർട്ടിക്കു ക്ഷീണമായി. വിമതനായി മാറിയ റായി രഘുബർ ദാസിനെതിരെ മത്സരിച്ച് മികച്ച ഭൂരിപക്ഷം നേടി വിജയിച്ചത് ശ്രദ്ധേയമാണ്. ജാർഖണ്ഡിലെ ബി.ജെ.പി അദ്ധ്യക്ഷൻ ലക്ഷ്മൺ ഗിലവ പരാജയപ്പെട്ടതും പാർട്ടിക്ക് വലിയ ക്ഷീണമായി.
ജാർഖണ്ഡ് മുക്തിമോർച്ച, കോൺഗ്രസ്, ആർ.ജെ.ഡി എന്നീ മൂന്നു കക്ഷികൾ ഉൾപ്പെട്ട മഹാ സഖ്യം 81ൽ 47 സീറ്റ് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിരിക്കുകയാണ്. സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ജെ.എം.എം മാറിയിട്ടുണ്ട്. കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന ജെ.എം.എമ്മിന് ഇക്കുറി 30 സീറ്റാണു ലഭിച്ചത്. ആറു സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസ് 16 സീറ്റുമായി ഏറെ മെച്ചപ്പെട്ട നിലയിലാണ്. മൂന്നാമത്തെ സഖ്യ കക്ഷിയായ ആർ.ജെ.ഡിയാകട്ടെ ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബി.ജെ.പി സ്വന്തം നിലയ്ക്ക് 25 സീറ്റേ നേടിയിട്ടുള്ളൂ. സഖ്യകക്ഷികളുടെ നിലയും പരിതാപകരം തന്നെ.
ജെ.എം.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റെ നേതൃത്വത്തിലാകും പുതിയ സർക്കാർ രൂപീകൃതമാകുന്നത്. ദേശീയ രാഷ്ട്രീയത്തിൽ മൂന്നു പതിറ്റാണ്ടുമുമ്പ് വിവാദങ്ങൾ ഏറെ സൃഷ്ടിച്ചിട്ടുള്ള ഷിബുസിംഗ് സോറന്റെ പുത്രനാണ് ഹേമന്ത് സോറൻ.
ഈ വർഷം സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേരിട്ട അഞ്ചാമത്തെ വലിയ പരാജയമാണ് ജാർഖണ്ഡിലേത്. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ നഷ്ടപ്പെട്ടത്. ദേശീയ തലത്തിൽ നേടിയ മിന്നും ജയം സംസ്ഥാനങ്ങളിൽ നിലനിറുത്താൻ കഴിയാതെ പോയതിന് നിരവധി കാരണങ്ങൾ ഉണ്ട്. പ്രധാനമായും പ്രാദേശിക സ്വഭാവമുള്ളവയാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന്റെ പുറത്താണ് ദേശീയതലത്തിൽ വൻ നേട്ടം കൊയ്യാൻ ബി.ജെ.പിക്കു സാധിച്ചത്.
സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ മോദിയുടെ വ്യക്തിപ്രഭാവത്തെ മറയ്ക്കുന്ന തരത്തിലുള്ളതാണ് പ്രാദേശികമായ വിഷയങ്ങൾ. കക്ഷി രാഷ്ട്രീയത്തിനതീതമായി ഭരണം ജനോപകാരപ്രദമായാലേ ജനങ്ങൾക്കിടയിൽ സന്തുഷ്ടിയും സമാധാനവും പുലരുകയുള്ളൂ. ദേശീയ പ്രശ്നങ്ങൾ വിട്ട് ജനങ്ങൾ അധികവും തങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാകും ഏതൊരു സർക്കാരിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്തുക. തുടർച്ചയായി അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പി നേരിടേണ്ടി വന്ന പരാജയങ്ങൾ എല്ലാ അർത്ഥത്തിലും അവർ തന്നെ ക്ഷണിച്ചുവരുത്തിയതാണ്. ജാർഖണ്ഡിൽത്തന്നെ അഴിമതി, തൊഴിലില്ലായ്മ, പൗരത്വ നിയമം തുടങ്ങിയ പ്രശ്നങ്ങളിലൂന്നിയുള്ളതായിരുന്നു മഹാ സഖ്യത്തിന്റെ പ്രചാരണം.
ജനങ്ങളെ എളുപ്പം സ്വാധീനിക്കുന്ന വിഷയങ്ങളാണിവ. മറിച്ച് ബി.ജെ.പിയാകട്ടെ ഏറെ വിവാദപരമായ വിഷയങ്ങളുന്നയിച്ച് സാമാന്യ ജനങ്ങൾക്കിടയിൽ ചിന്താക്കുഴപ്പം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. പൗരത്വ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയ ശേഷമാണ് ജാർഖണ്ഡിൽ രണ്ടു ഘട്ടം വോട്ടെടുപ്പ് നടന്നത്. അതിനകം ഈ വിഷയത്തിൽ രാജ്യവ്യാപകമായുണ്ടായ ആശങ്കയും ഭീതിയും സാധാരണ വോട്ടർമാരെ തീർച്ചയായും സ്വാധീനിച്ചിരിക്കാം. ബി.ജെ.പിയുടെ പ്രചാരണ യോഗങ്ങൾക്കെത്തിയ പ്രധാനമന്ത്രി മോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുമൊക്കെ ദേശീയ പ്രശ്നങ്ങളിലൂന്നിയാണ് ജനങ്ങളെ കൈയിലെടുക്കാൻ ശ്രമിച്ചത്. അത് വിലപ്പോയില്ലെന്നാണ് തിരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്. ഗിരിവർഗ്ഗ ജനതയുടെ ജീവിത സാഹചര്യങ്ങൾ ഇപ്പോഴും ശരാശരിയിൽ താഴെയാണ്. രഘുബർ ദാസിന്റെ ഭരണത്തിൽ ഈ വിഭാഗക്കാർ ഒട്ടും തൃപ്തരുമല്ലായിരുന്നു. ഗിരിവർഗ്ഗ മേഖല ഒന്നടങ്കം ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കൈവിട്ട കാഴ്ചയാണ് കാണുന്നത്.
നാനാത്വത്തിലെ ഏകത്വമാണ് രാജ്യത്തിന്റെ ശക്തിയെന്നു പറയാറുണ്ട്. അതേ സമയം തന്നെ ഓരോ സംസ്ഥാനത്തിനും അതാതിന്റേതായ പ്രത്യേകതകളും വൈവിദ്ധ്യങ്ങളുമുണ്ട്. അവ മനസിലാക്കാനും അംഗീകരിക്കാനുമുള്ള ഹൃദയ വിശാലത ദേശീയ പാർട്ടികൾക്ക് അവശ്യം ഉണ്ടാകണം. എന്തും ഏതും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ജനങ്ങൾ പൊറുത്തെന്നു വരില്ല. പ്രാദേശിക താത്‌പര്യങ്ങൾക്കു യോജിക്കാത്ത ഒരുപാടു കാര്യങ്ങൾ ബി.ജെ.പി ചെയ്തിട്ടുണ്ട്. തിരഞ്ഞെുപ്പുകളിലെ വൻ തിരിച്ചടികൾക്ക് അതു കാരണമായിട്ടുണ്ടാകാം, ഏതായാലും തുടർച്ചയായ ഈ പരാജയങ്ങളുടെ കാരണങ്ങൾ അന്വേഷിച്ച് തിരുത്തലുകൾക്ക് മുതിരുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ജാർഖണ്ഡ് ഫലം ബി.ജെ.പിക്കു മുന്നിൽ വയ്ക്കുന്നത്.