chennithala

തിരുവനന്തപുരം: കെ. കരുണാകരൻ അനുസ്‌മരണച്ചടങ്ങിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കിയത് പാർട്ടി പ്രവർത്തകരുടെ പൊതുവികാരം കണക്കിലെടുത്താണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ ഭേദഗതിയിൽ ഗവർണറുടെ പദവിക്കും മാന്യതയ്‌ക്കും യോജിച്ച നിലയിലല്ല അദ്ദേഹം പ്രതികരിക്കുന്നത്. സ്ഥാനത്തിന്റെ ഔന്നത്യം മനസിലാക്കി വേണം ഗവർണർ പ്രവർത്തിക്കാൻ. ഗവർണർക്ക് വ്യക്തിപരമായ അഭിപ്രായമുണ്ടാകും. എല്ലാവരും എതിർക്കുന്ന നിയമത്തെ ഇത്ര വാശിയോടെ പിന്തുണയ്‌ക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. ഗവർണർ നിയമത്തിനായി വാദിക്കുമ്പോൾ സി.പി.എമ്മും മുഖ്യമന്ത്രിയും മൗനം പാലിക്കുന്നത് ആശ്ചര്യകരമാണ്.

കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള തടങ്കൽ പാളയങ്ങളൊരുക്കാൻ സംസ്ഥാനസർക്കാരിന് കേന്ദ്രം അറിയിപ്പ് തന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൗരത്വ നിയമത്തിനെതിരെ നിലപാടെടുക്കുമെന്ന് പറയുമ്പോൾ തന്നെ അതുമായി ബന്ധപ്പെട്ട സമരങ്ങളോടുള്ള പിണറായി സർക്കാരിന്റെ സമീപനം അപലപനീയമാണ്. കേരളത്തിലെ മാദ്ധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിലും രണ്ട് പേരെ വെടിവച്ചുകൊന്നതിലും പ്രതിഷേധിച്ചാണ് യദിയൂരപ്പയെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇന്നലെ രാവിലെ താൻ സന്ദർശിച്ചപ്പോഴാണ് ഇവരെ വിട്ടത്. കോഴിക്കോട് പോസ്റ്റോഫീസ് ധർണ നടത്തിയതിന് ഡി.സി.സി പ്രസിഡന്റടക്കം 54പേരെ ജയിലിലാക്കി. ഇതുവരെ ജാമ്യം കിട്ടിയിട്ടില്ല. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.